കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജശേഖര റെഡ്ഡിയ്‌ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി

  • By Staff
Google Oneindia Malayalam News

YS Rajasekhara Reddy
ഹൈദരാബാദ്‌: ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ച ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി വൈഎസ്‌ രാജശേഖര റെഡ്ഡിയുടെ മൃതദേഹം ഹൈദരാബാദില്‍ എത്തിച്ചു.

പ്രിയമുഖ്യമന്ത്രിയ്‌ക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനായി ആയിരങ്ങളാണ്‌ ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്‌. അപകടം നടന്ന നല്ലമലയില്‍ നിന്നും കര്‍ണൂല്‍ ബേസ്‌ ക്യാമ്പിലെത്തിച്ച മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം നാവികസേനയുടെ ഹെലികോപ്‌റ്ററില്‍ വ്യാഴാഴ്‌ച അഞ്ചുമണിയോടെ ഹൈദരാബാദില്‍ എത്തിക്കുകയായിരുന്നു.

റെഡ്ഡിയോടൊപ്പം മരിച്ച മറ്റ്‌ നാലുപേരുടെ മൃതദേഹങ്ങളും ഹൈദരാബാദില്‍ എത്തിച്ചിട്ടുണ്ട്‌. കുടുംബാംഗങ്ങള്‍ക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനായാണ്‌ മൃതദേഹം ഔദ്യോഗിക വസതിയില്‍ എത്തിച്ചത്‌. വൈഎസ്‌ആറിന്റെ മരണവാര്‍ത്ത ആന്ധ്രയെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ ഒരാഴ്‌ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

വെള്ളിയാഴ്‌ച രാവിലെ പത്തുമണിമുതല്‍ മൃതദേഹം ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. ഉച്ചതിരിഞ്ഞ്‌ സംസ്‌കരിക്കാനായി റെഡ്ഡിയുടെ സ്വദേശമായ പുലിവെന്തുലയിലേയ്‌ക്ക്‌ കൊണ്ടുപോകും.

റെഡ്ഡിയോടുള്ള ആദരസൂചകമായി കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്‌ച ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി എല്ലാ കേന്ദ്രസ്ഥാപനങ്ങളിലും ദേശീയ പതാക താഴ്‌ത്തിക്കെട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ആന്ധ്രയില്‍ ഒന്‍പതാം തിയ്യതിവരെ ഔദ്യോഗിക പരിപാടികളൊന്നും നടത്തുകയില്ല.

റെഡ്ഡിയോടുള്ള ആദരസൂചകമായി തമിഴ്‌നാട്‌ സര്‍ക്കാറും വെള്ളിയാഴ്‌ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധ മന്ത്രി എകെ ആന്റണി തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ സംബന്ധിക്കാനായി വെള്ളിയാഴ്‌ച ആന്ധ്രയിലെത്തും. കേരളത്തെ പ്രതിനിധീകരിച്ച്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ്‌ ചടങ്ങുകളില്‍ പങ്കെടുക്കുക.

ബുധനാഴ്‌ച കാലത്ത്‌ പത്തുമണിയോടെയാണ്‌ റെഡ്ഡിയും കൂട്ടരും സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ കാണാതായത്‌. തുടര്‍ന്ന്‌ 24മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വ്യാഴാഴ്‌ച 11മണിയോടെ നല്ലമലയിലെ കുന്നില്‍ തകര്‍ന്ന നിലയില്‍ കോപ്‌റ്റര്‍ കണ്ടെത്തുകയായിരുന്നു.

സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ്‌ നല്ലനിലയിലാണോയെന്നറിയാന്‍ മിന്നല്‍പരിശോധന നടത്തുന്നതിനായി ചിറ്റൂര്‍ ജില്ലിയിലേയ്‌ക്ക്‌ യാത്രപോയതായിരുന്നു റെഡ്ഡിയും സംഘവും. വിജയലക്ഷ്‌മിയാണ്‌ റെഡ്ഡിയുടെ ഭാര്യ, ജഗ്‌ മോഹന്‍ റെഡ്ഡി, ശര്‍മിള എന്നിവരാണ്‌ മക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X