ഏറെക്കാലം പിരിഞ്ഞിരുന്നാല്‍ വിവാഹമോചനം നല്‍കാം

അനില്‍ ജയിന്‍ എന്നൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ജസ്‌റ്റിസുമാരായ അല്‍റ്റ്‌മസ് കബീര്‍, സിറിയക് ജോസഫ് എന്നവരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭാര്യ ഭര്‍ത്താവിന്റെ കൂടെത്താമസിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും അതേസമയം വിവാഹമോചനത്തിന് സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന കാര്യം കോടതിയ്‌ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശിലെ ചിന്ദ്‌വാര സ്വദേശിയാണ് പരാതിക്കാരനായ അനില്‍ ജയിന്‍. 1985ല്‍ ആയിരുന്നു അനിലിന്റെയും മായയുടെയും വിവാഹം. വിവാഹശേഷം വളരെ വേഗത്തിലാണ് ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും പരസ്‌പര സമ്മതത്തോടെ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇതിനായി അനില്‍ മായയ്‌ക്ക് ആവശ്യമായ സ്വത്ത് വിട്ടുകൊടുക്കുകയും വിവാഹമോചനത്തിന് ഹര്‍ജി നല്‍കുകയും ചെയ്‌തു.
എന്നാല്‍ ആറ് മാസം കഴിയുന്നതുവരെ കാത്തിരിക്കാനായിരുന്നു കുടുംബകോടതിയുടെ നിര്‍ദ്ദേശം. ആറുമാസംകഴിഞ്ഞ മായ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് അനില്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പക്ഷേ കോടതി ഹര്‍ജി തള്ളി.
പിന്നീടാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഏറെക്കാലം ദമ്പതികള്‍ പിരിഞ്ഞു താമസിക്കുന്നത് വിവാഹമോചനത്തിനുള്ള പരസ്‌പര സമ്മതമായി കണക്കാക്കാമെന്നാണ് വിധിയില്‍ പറയുന്നത്.












Click it and Unblock the Notifications