മൈക്കല്‍ ജാസ്കണ്‍ന്റെ മൃതദേഹം സംസ്‌കരിച്ചു

ഹോളിവുഡിനടുത്ത് ഗ്ലെന്‍ഡെയ്‌ല്‍ ഫോറസ്റ്റ് ലോണ്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ തികച്ചും സ്വകാര്യമായാണ് ശവസംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ജാക്‌സന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
അന്ത്യവിശ്രമസ്ഥലത്തെപ്പറ്റി കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായഭിന്നതയാണ് ശവസംസ്‌കാരം വൈകാന്‍ കാരണമെന്ന് 'കോണ്ടാക്ട്‌മ്യൂസിക്' വെബ്‌മാസിക റിപ്പോര്‍ട്ട് ചെയ്‌തു. ജൂണ്‍ 25-നാണ് ലോസ് ആഞ്‌ജലിസിലെ വസതിയില്‍ ജാക്‌സന്‍ അന്തരിച്ചത്.
മാരകമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനുപിന്നാലെയാണ് ശവസംസ്‌കാരം നടന്നത്.
ജാക്‌സന്റെ കുടുംബാംഗങ്ങള്‍ എത്താന്‍ വൈകിയതിനാല്‍ നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ജാക്‌സന്റെ മക്കളായ പ്രിന്‍സ് മൈക്കല്‍, പാരിസ്, പ്രിന്‍സ് മൈക്കല്‍-2 എന്നിവര്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളായ കാതറീന്റെയും ജോ ജാക്‌സന്റെയും ഒപ്പം ചടങ്ങില്‍ പങ്കെടുത്തു. ജാക്‌സന്റെ മുന്‍ ഭാര്യ ലിസ മാരി പ്രെസ്‌ലിയും സന്നിഹിതയായിരുന്നു. ഫോറസ്റ്റ് ലോണിലെ ഗ്രേറ്റ് മൊസെലീയത്തിന് വെളിയിലായിരുന്നു ചടങ്ങുകള്‍.
ആഗസ്‌ത് 29ന് ജാക്‌സന്റെ അന്‍പതിത്തിയൊന്നാം ജന്മദിനത്തില്‍ ശവസംസ്‌കാരം നടത്താനായിരുന്നു കുടുംബാംഗങ്ങള്‍ ആദ്യ തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് ചടങ്ങ് നീണ്ടുപോവുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ നൂറുകണക്കിന് പോലീസുകാരെയാണ് കാവല്‍ നിര്‍ത്തിയിരുന്നത്. ശവസംസ്‌കാരച്ചടങ്ങിന്റെ മൊത്തം ചെലവ് എട്ടുലക്ഷം ഡോളറാണെന്നാണ് (3.9 കോടി രൂപ) അറിയുന്നത്. ഇതില്‍ ഒന്നരലക്ഷം ഡോളര്‍ (73.34 ലക്ഷം രൂപ) കാവലിന് മാത്രമായിട്ടാണ് ചെലവക്കിയത്.
ഇതിനിടെ ജാക്സന്റെ മരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. മറ്റൊരാള്‍ നല്‍കിയ കുത്തിവയ്പുമൂലമാണ് മരണം സംഭവിച്ചത് എന്നാണു മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. ജാക്സന്റെ ഡോക്ടര്‍ കൊണ്‍റാഡ് മുറേയ്ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications