സുരേഷ് കുമാറിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

സുരേഷിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ പുനപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അംഗീകരിച്ചു.
സുരേഷ് കുമാറിന് ഏതു വകുപ്പു നല്‍കുമെന്നതു സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിനായിരുന്നു സുരേഷ് കുമാറിനെ സസ്പെന്‍ഡു ചെയ്തത്.
പിന്നീട് സസ്പെന്‍ഷന്‍ കാലാവധി ആറു മാസം നീട്ടി. ഇതിന്റെ കാലാവധി ശനിയാഴ്ച പൂര്‍ത്തിയായി.
സുരേഷ് കുമാറിനെതിരെ നടപടി എടുത്തില്ലെങ്കില്‍ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് സുരേഷ് കുമാറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയും അഡീഷനല്‍ ചീഫ് സെക്രട്ടറിമാരുമാണ് സമിതിയില്‍ ഉണ്ടായിരുന്നത്.
അതേസമയം മുമ്പ് സര്‍വീസിലിരിക്കെ സുരേഷ് കുമാര്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച് കണക്കുകള്‍ നല്‍കിയിട്ടില്ലെന്നു കാണിച്ച് സുരേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2008 ഡിസംബര്‍ 11നാണ് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു സുരേഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
90 ദിവസ കാലാവധി തികഞ്ഞ മാര്‍ച്ച് 11ന് ഉപഹര്‍ജി പരിഗണനയ്ക്കു വന്നു.
സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണത്തിനു സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കേസ് 17ലേക്കുമാറ്റി. ഇതിനിടെ, സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി യോഗം ചേര്‍ന്നു, സസ്പെന്‍ഷന്‍ നീട്ടി 11ലെ തീയതി വച്ച് ഉത്തരവിറക്കുകയായിരുന്നു.
മൂന്നാര്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വിഎസ് പക്ഷപാതിയെന്ന വേര്‍തിരിവ് ഇതെല്ലാം സിപിഎം ഔദ്യോഗികപക്ഷത്തിന് സുരേഷിനെ അനഭിമതനാക്കിയ കാര്യങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരസ്യപ്രസ്താവന നടത്തിയതോടെ ഈ വിരോധം രൂക്ഷമായി.












Click it and Unblock the Notifications