ലാവലിന്‍: രേഖകള്‍ ചോര്‍ന്നതറിയാന്‍ ഹര്‍ജി

കേസിലെ ഏഴാം പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വിവരാവകാശ നിയമപ്രകാരം ഈ രേഖ കിട്ടിയിട്ടില്ലെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്.
ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഡി.ബി ബിനുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് ഇതേക്കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്.
ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് ഗവര്‍ണര്‍ നല്‍കിയ അനുമതിയും കുറ്റപത്രവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മന്ത്രിസഭാ തീരുമാനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിരിക്കുന്നത്. രേഖകള്‍ എങ്ങനെ കിട്ടിയെന്നകാര്യം പിണറായി ഹര്‍ജിയില്‍ വിശദീകരിച്ചിട്ടില്ല.
ലാവലിന്‍ കേസില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയിട്ടുള്ള സുപ്രധാനമായ കത്തിടപാടുകള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിനു ഗവര്‍ണര്‍ക്ക് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ഇത്തരം കത്തിടപാടുകള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണറുടെ ഓഫീസ് നല്‍കിയ മറുപടി.
ഇതിനെതിരെ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന് ബിനു പരാതി നല്‍കിയിരുന്നു. അത് ഫയലില്‍ സ്വീകരിച്ചുകൊണ്ട് ഗവര്‍ണറുടെ ഓഫീസിന് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഈ രേഖകള്‍ പിണറായിക്ക് എങ്ങനെ കിട്ടിയെന്നത് അന്വേഷിക്കേണ്ടതുണ്ടെന്ന് ബിനു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ഇവ പിണറായിക്ക് ലഭിച്ചിട്ടില്ല. ഗവര്‍ണറുടെ ഓഫീസിലും ഇവയ്‌ക്കായി പിണറായി അപേക്ഷ നല്‍കിയിട്ടില്ല- ബിനു ചൂണ്ടിക്കാട്ടി.
ലാവലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഓഗസ്‌റ്റ് 30ാം തിയ്യതിവരെ വിവരാവകാശ നിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications