പോള്‍ വധം: ഓംപ്രകാശും രാജേഷും കീഴടങ്ങി

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. കോടതി ഇവരെ റിമാന്റ് ചെയ്‌ത് പാളയംകോട്ട ജയിലില്‍ അടച്ചു.
ചൊവ്വാഴ്‌ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു കീഴടങ്ങല്‍. ഇവര്‍ കീഴടങ്ങിയതായി തമിഴ്‌നാട് പൊലീസാണ് കേസന്വേഷിക്കുന്ന പൊലീസ് സംഘത്തെ അറിയിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം എത്തി ഇവരെ കോടതി മുഖേന ഏറ്റുവാങ്ങും.
പോള്‍ വധത്തിന് ശേഷം എന്‍ഡവര്‍ കാറില്‍ കടന്ന ഇവര്‍ കാര്‍ ചവറയില്‍ ഉപേക്ഷിച്ചശേഷം ലോറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കഴക്കൂട്ടത്തെത്തിയശേഷം നാഗര്‍കോവിലിലേയ്‌ക്ക് കടന്നു.
ഇവര്‍ തമിഴ്‌നാട്ടിലുണ്ടെന്നും അതല്ല ദുബയിലാണെന്നും തുടങ്ങി ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവും അവസാനം ഇവര്‍ ദില്ലിയിലാണെന്നാണ് കഥകള്‍ പ്രചരിച്ചത്. കൊല നടന്നതിന്റെ അടുത്ത ദിവസങ്ങളിലൊന്നും ഇവരെ കണ്ടെത്താന്‍ പൊലീസ് കാര്യമായ നടപടികള്‍ എടുത്തിരുന്നില്ല.
മാത്രമല്ല ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് കൈമാറുന്നതിലും കേരള പൊലീസ് അനാസ്ഥ കാണിച്ചിരുന്നു.
ഓം പ്രകാശ് പോളിന്റെ അടുത്ത സുഹൃത്താണെന്ന് അയാളുടെ ലാപ്‌ടോപ്പും മറ്റും പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഓംപ്രകാശിന് മയക്കുമരുന്നു മാഫിയയുമായും ബന്ധമുണ്ടെന്നാണ് സൂചന.
ഏറെക്കാലം ശത്രുതയിലായിരുന്ന പ്രകാശും രാജേഷും മയക്കമരുന്നു കടത്തിനുവേണ്ടിയാണത്രേ വീണ്ടും സുഹൃത്തുക്കളായത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവരെ സഹായിച്ചവരെ പൊലീസ് അറസ്റ്റുചെയ്യുകയും ഇവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications