സ്‌മാര്‍ട്ട് സിറ്റി: 132 ഏക്കറിന് സെസ് പദവി
തിരുവനന്തപുരം: കൊച്ചിയിലെ സ്‌മാര്‍ട്‌സിറ്റി പദ്ധതിയ്‌ക്കായി പുതിയ പാട്ടക്കരാര്‍ ഒപ്പുവയ്‌ക്കുന്നതിനുളള നടപടികള്‍ പുരോഗമിയ്‌ക്കുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോം ഉന്നയിക്കുന്ന പല കാര്യങ്ങളും യുക്‌തിക്ക് നിരക്കാത്തതാണ്. ഇവയെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കും. സ്‌മാര്‍ട് സിറ്റിക്കായി നല്‍കിയ 132 ഏക്കര്‍ ഭൂമിക്ക് സെസ് പദവി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിയക്കുന്നതിന് ടീകോം അധികൃതരും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയുമായി ബുധനാഴ്‌ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നിയമനിര്‍മാണം മുഖ്യ അജണ്ടയാക്കി ഏഴു ദിവസം മാത്രം നീളുന്ന ഹ്രസ്വകാല സമ്മേളനമാണ് ചൊവ്വാഴ്‌ച ആരംഭിച്ചിരിയ്‌ക്കുന്നത്. നിയമനിര്‍മാണത്തിനാണ് പ്രധാന്യമെങ്കിലും സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ സഭയ്‌ക്കുള്ളില്‍ ഭരണപക്ഷത്തിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം ഉപയോഗിക്കും. പോള്‍ മുത്തൂറ്റ് കൊലപാതകവും ഇതിന് പിന്നാലെ സിപിഎമ്മിനെതിരെ ഉയര്‍ന്ന ഗുണ്ടാ ബന്ധവുമെല്ലാം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും.
അതേ സമയം ആസിയാന്‍ കരാറിനെ മുന്‍നിര്‍ത്തിയായിരിക്കും ഭരണപക്ഷം പ്രതിപക്ഷത്തെ പ്രതിരോധിയ്‌ക്കുക. സിപിഎം ചൈനയ്‌ക്ക് വേണ്ടിയാണെന്ന വാദം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയെങ്കിലും യുഡിഎഫില്‍ നിന്ന് തന്നെ ഇതിന് വേണ്ടത്ര പിന്തുണ ലഭിയ്‌ക്കാത്തത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. മുസ്ലീം ലീഗിന്റെ കേന്ദ്ര മന്ത്രി ഇ അഹമ്മദ് ഉള്‍പ്പെട്ട ഹജ്ജ് ക്വാട്ട അഴിമതിയും സിപിഎം പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കും.
നീണ്ട ഒരു ഇടവേളയ്‌ക്ക് ശേഷം പിജെ ജോസഫും മന്ത്രിയായി തിരിച്ചെത്തുന്ന മന്ത്രിസഭയില്‍ പുതുമുഖങ്ങളായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും, ജോസ് തെറ്റയിലും എത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ജനതാദളിലെ പിളര്‍പ്പ് സഭയ്‌ക്കും സ്‌പീക്കര്‍ക്കും കീറാമുട്ടിയാകും. വീരന്‍ പക്ഷം പുറപ്പെടുവിക്കുന്ന വിപ്പ് അനുസരിച്ച് ജോസ് തെറ്റയിലിന് പ്രവര്‍ത്തിയ്‌ക്കേണ്ടി വരുമോ എന്ന കൗതുകകരമായ ചോദ്യവും ഈ സഭാ സമ്മേളനത്തില്‍ ഉയര്‍ന്നു വന്നേക്കാം. ഈ സാഹചര്യത്തില്‍ വീരന്‍ വിഭാഗമാണോ, ഗൗഡ വിഭാഗമാണോ കൂറുമാറിയതെന്ന ചോദ്യത്തിനും സ്‌പീക്കര്‍ ഉത്തരം കണ്ടെത്തേണ്ടി വരും.
ഒന്‍പത് ബില്ലുകളാണ് ഇപ്പോള്‍ സഭയുടെ മുന്നിലുള്ളത്. അതില്‍ ഏഴും ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ളവയാണ്. ഇതില്‍ പകുതിയേ നിയമമാകാന്‍ സാധ്യതയുള്ളൂ. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണം നല്‍കാനുള്ള ബില്ല് ബുധനാഴ്‌ച് അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications