കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ്‌ എയര്‍വേസിലെ പൈലറ്റ്‌ സമരം തീരുന്നു

  • By Staff
Google Oneindia Malayalam News

Jet Airways Crew
ദില്ലി: മൂന്നു ദിവസമായി നടത്തിവരുന്ന സമരം പിന്‍വലിക്കാന്‍ ജെറ്റ്‌ എയര്‍വേസ്‌ പൈലറ്റുമാര്‍ സമ്മതിച്ചു. വ്യാഴാഴ്‌ച രാത്രി നടന്ന ചര്‍ച്ചയിലാണ്‌ പൈലറ്റുമാര്‍ കൂട്ടഅവധിയെടുക്കുന്നത്‌ നിര്‍ത്താന്‍ തയ്യാറാണെന്ന്‌ അറിയിച്ചത്‌.

ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്‌ച ഉച്ചയോടെ ഉണ്ടാകുമെന്ന്‌ അറിയുന്നു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ്‌ യോഗത്തില്‍വച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ സമരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ സമരം സംബന്ധിച്ച്‌ പ്രധാനമന്ത്രിയ്‌ക്ക്‌ വിശദീകരണം നല്‍കി. മണിക്കൂറുകള്‍ക്കകമാണ്‌ ചര്‍ച്ചയില്‍ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടായത്‌. ജെറ്റ്‌ എയര്‍വേസ്‌ ഉടമസ്ഥന്‍ നരേഷ്‌ ഗോയല്‍ ബുധനാഴ്‌ച പ്രശ്‌നത്തില്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയെയും പ്രഫുല്‍ പട്ടേലിനെയും കണ്ടിരുന്നു.

പുറത്താക്കിയ നാല്‌ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ്‌ സമ്മതിച്ചതായാണ്‌ സൂചന. കോണ്‍ഗ്രസ്‌ എംപി സഞ്‌ജയ്‌ നിരുപം, നരേഷ്‌ ഗോയല്‍, ഏവിയേഷന്‍ ഇന്‍ഡസ്‌ട്രി എംപ്ലോയീസ്‌ ഗില്‍ഡ്‌ നേതാവ്‌ ജോര്‍ജ്ജ്‌ എബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മാനേജ്‌മെന്റും ചീഫ്‌ ലേബര്‍ കമ്മീഷണറുമായി വെള്ളിയാഴ്‌ച ദില്ലിയില്‍ നടക്കുന്ന കൂടിക്കാഴ്‌ചയില്‍ പ്രശ്‌നത്തിന്‌ വ്യക്തമായ പരിഹാരഫോര്‍മുല ഉരുത്തിരിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഏവിയേഷന്‍ ഇന്‍ഡസ്‌ട്രി എംപ്ലോയീസ്‌ ഗില്‍ഡ്‌ അധ്യക്ഷന്‍ ഗിരീഷ്‌ കൗശിക്ക്‌ പ്രതീക്ഷ പ്രകടിപ്പിച്ചു.

മുന്നൂറിലേറെ പൈലറ്റുമാരാണ്‌ മൂന്നു ദിവസമായി കൂട്ടത്തോടെ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്‌. അച്ചടക്കനടപടിയുടെ ഭാഗമായി നാല്‌ പൈലറ്റുമാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്‌. ഇതിനെത്തുടര്‍ന്ന് 230 സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ ജെറ്റ്‌ എയര്‍വേസ്‌ നിര്‍ബ്ബന്ധിതമായി.

ഇതില്‍ 37 അന്താരാഷ്ട്ര സര്‍വ്വീസുകളും ഉണ്ടായിരുന്നു. ഗള്‍ഫ്‌ യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ സമരം മൂലം വലഞ്ഞു. ഇതിനിടെ സമരം നിര്‍ത്തിയില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടുമെന്നുവരെ ഉടമസ്ഥന്‍ നരേഷ്‌ ഗോയല്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഉല്‍കണ്‌ഠയില്ലെന്നായിരുന്നു പൈലറ്റുമാരുടെ പ്രതികരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X