ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണം: ശ്രീമതി
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശംബളം കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടും സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ശംബള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് മൂന്ന് മാസം മുമ്പ് ആരംഭിച്ച ചട്ടപ്പടി സമരം അവസാനിപ്പിച്ച് ആശുപത്രികളില്‍ പേ വാര്‍ഡ് പ്രവേശനം നടത്തിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. പേ വാര്‍ഡ് പ്രവേശനം നടത്താത്ത ഡോക്‌ടര്‍മാരുടെ പട്ടിക നല്‍കാനും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡോക്‌ടര്‍മാരുടെ സമരം മൂലം മെഡിക്കല്‍ കോളജുകളിലെ മൂന്നു മാസമായി അടഞ്ഞു കിടക്കുന്ന പേ വാര്‍ഡുകള്‍ വെള്ളിയാഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി പികെശ്രീമതി അറിയിച്ചിരുന്നു. എന്നാല്‍ പേ വാര്‍ഡുകള്‍ ഒരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കില്ലെന്നാണ് കെജിഎംസിടിഎയുടെ നിലപാട്. ശമ്പള പരിഷ്‌കരണത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരം തുടരുന്നത്.
സമരത്തിന്റെ ഭാഗമായി ഡോക്‌ടര്‍മാരുടെ സംഘടന പരീക്ഷ ജോലികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. മൂന്നു മാസമായി അഞ്ചു മെഡിക്കല്‍ കോളജ് ആശുപത്രികളിലെയും പേ വാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല.
65 കോടി രൂപയുടെ അധിക ബാധ്യത ഏറ്റെടുത്താണു ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് മന്ത്രി ശ്രീമതി പറഞ്ഞു. ശംബളം വര്‍ദ്ധിപ്പിച്ചതിനോടൊപ്പം സെപ്‌റ്റംബര്‍ 15 മുതല്‍ സ്വകാര്യ പ്രാക്‌റ്റീസ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications