വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 8 വയസ്സ്

2001 സെപ്‌റ്റംബര്‍ 11 ന് രാവിലെയായിരുന്നു ലോകത്തെ ഞെട്ടിച്ച് അല്‍ക്വയ്‌ദയുടെ ആക്രമണം. 19 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത നാലു യാത്രാവിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് തകര്‍ത്തപ്പോള്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ നിന്നുള്ള 2993 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ലോകത്തിലെ തന്നെ അതീവസുരക്ഷ മേഖലയെന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന വാഷിംഗ്‌ടണ്‍ ഡിസിക്ക് സമീപമുള്ള അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാവേറുകളുടെ ആക്രമണത്തിന് ഇരയായി.
ആയിരങ്ങള്‍ കൊല്ലപ്പെട്ട അക്രമണങ്ങളെ തുടര്‍ന്ന് തെല്ലൊന്ന് പതറിയ അമേരിക്കന്‍ ഭരണകൂടം വൈകാതെ ഒസാമ ബിന്‍ ലാദനെ പ്രതിസ്ഥാനത്തു നിര്‍ത്തി തീവ്രവാദ വിരുദ്ധ യുദ്ധം പ്രഖ്യാപിച്ചു. ബുഷ് ഭരണകൂടം തുടക്കമിട്ട അമേരിക്കയുടെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെ നിദാനമായി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണം മാറി.
അല്‍ക്വയ്‌ദ നേതാവ് ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ അഫ്‌ഗാനിസ്‌ഥാനില്‍ നടത്തിയ അധിനിവേശവും അതിനെ തുടര്‍ന്നുണ്ടായ ലക്ഷങ്ങളുടെ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗം. ലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടും കോടിക്കണക്കന് ഡോളര്‍ ചെലവഴിച്ചിട്ടും ലാദന്‍ ഇന്നും അമേരിക്കയ്‌ക്കും ലോകരാഷ്ട്രങ്ങള്‍ക്കും ഭീഷണിയായി തുടരുന്നു. അതേ സമയം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ മുഖ്യപ്രതിയെന്ന് അമേരിക്ക കണ്ടെത്തിയ ഖാലിദ് ശൈഖ് മുഹമ്മദ് ഇപ്പോള്‍ ഗ്വാണ്ടനാമോ ജയിലില്‍ കഴിയുകയാണ്.
ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോഴും മുക്തരാവാത്ത അമേരിക്ക മരിച്ചവര്‍ക്കായുള്ള സ്‌മാരകം 2011ല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന അതേ സ്‌ഥലത്ത് പുതിയ വ്യാപാരസമുച്ചയത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമയിക്കുകയാണ്.


Click it and Unblock the Notifications