'ഓംപ്രകാശ് ആദ്യം പ്രതിയായത് സിപിഎമ്മിന് വേണ്ടി'
തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് തന്റെ മകനെന്ന് പോള്‍ എം ജോര്‍ജ് വധക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ പിതാവ് പ്രസന്നകുമാരന്‍. തങ്ങളുടേത് സിപിഎം കുടുംബമാണെന്നും ഡിവൈഎഫ്‌ഐയുടെ മലയന്‍കീഴ് യൂണിറ്റ് സെക്രട്ടറിയായിരുന്ന ഓംപ്രകാശിനെ പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഗുണ്ടാത്തലവനാക്കിയതെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഓംപ്രകാശ് ആദ്യമായി ഒരു കേസില്‍ പ്രതിയായത് പാര്‍ട്ടിക്കു വേണ്ടിയാണ്. പാര്‍ട്ടി പലതരത്തിലും മകനെ ഉപയോഗിച്ചു. പാര്‍ട്ടിക്കാര്‍ ചെയ്‌ത കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ അവനെ പാര്‍ട്ടി പ്രേരിപ്പിക്കുകയായിരുന്നു. അതേ സമയം കോണ്‍ഗ്രസ്സ് നേതാക്കളുമായി തന്റെ മകന് ഒരു ബന്ധവുമില്ലെന്നും പ്രസന്നകുമാരന്‍ വ്യക്തമാക്കി. കെ സുധാകരനെയോ ശോഭനാജോര്‍ജ്ജിനെയോ അവന് അറിയില്ല. ഉറച്ച സി പി എമ്മുകാരനായ ഓംപ്രകാശ് എങ്ങിനെയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിലെ വിഭാഗീയതയാണ് മകനെ കേസില്‍ പ്രതിയാക്കിയത്. കൊലപാതകത്തില്‍ ഓംപ്രകാശിന് പങ്കില്ല. കേസില്‍ സാക്ഷിയായ അവനെ പ്രതിയാക്കിയിരിക്കുകയാണ്. പോള്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നും ഓംപ്രകാശിന്റെ പിതാവ് ആവശ്യപ്പെട്ടു. കേരള പൊലീസ് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പാണ്. കൊല്ലപ്പെട്ട പോള്‍ എം ജോര്‍ജുമായി തന്റെ മകന് റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നു. പോളിന്റെ സുഹൃത്ത് കൂടിയായ വിശാല്‍ നായരുമായുള്ള ബന്ധമാണ് പോളും ഓംപ്രകാശും തമ്മിലുള്ള അടുപ്പത്തിനിടയാക്കിയത്.
പോള്‍ എം ജോര്‍ജ് വധക്കേസില്‍ സിപിഎം വിഭാഗീയത ആരോപിക്കുന്നത് ശരിയല്ലെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്‌ണന്‍ പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തികളെത്തുടര്‍ന്ന് 12 വര്‍ഷം മുമ്പ് തന്നെ ഓംപ്രകാശിനെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നതായും ശ്രീരാമകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications