തല്‍ക്കാലം രാഷ്ട്രീയത്തിലേയ്‌ക്കില്ലെന്ന് വിജയ്

തല്‍ക്കാലം അഭിനയ രംഗത്തുമാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. ഭാവിയില്‍ രാഷ്ട്രീയത്തിലേയ്‌ക്കു വരാനുള്ള സാഹചര്യമുണ്ടായാല്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി ആലോചിച്ച് തീരുമാനമെടുക്കും- ഞായറാഴ്‌ച ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിജയ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍വച്ച് കൂടിക്കാഴ്‌ച നടത്തിയതോടെയാണ് വിജയ് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ രാഹുലുമായി നടത്തിയത് സൗഹൃദക്കൂടിക്കാഴ്‌ച മാത്രമായിരുന്നുവെന്നാണ് വിജയ് പറഞ്ഞത്.
അദ്ദേഹത്തെ കാണാന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നു. അപ്പോള്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയില്ലെന്നുമാത്രം. അദ്ദേഹവുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല- താരം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വിജയ് താല്‍പര്യം കാണിച്ചിരുന്നുവെന്ന രാഹുലിന്റെ വെളിപ്പെടുത്തലിന് കടക വിരുദ്ധമാണ് വിജയ്‌യുടെ വിശദീകരണം.
രാഹുല്‍ തമിഴ്‌നാട് സന്ദര്‍ശനം നടത്തുമ്പോള്‍ വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു വാര്‍ത്തകള്‍ പരന്നിരുന്നത്. എന്നാല്‍ ഡിഎംകെ അതൃപ്‌തി അറിയിച്ചതോടെ വിജയ് ഈ ഉദ്യമത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.












Click it and Unblock the Notifications