ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി
തിരുവനന്തപുരം: സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുകയെന്ന ഉദ്ദേശത്തോടെ ഡോക്ടര്‍മാരുടെ സംഘടന ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യപ്രാക്ടീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ചു. നിരോധനം ഒക്ടോബര്‍ ഒന്നുമുതല്‍ക്കെ നിലവില്‍ വരുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ സ്വകാര്യപ്രാക്ടീസ് നിര്‍ത്തിവെയ്‌ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശംബള പരിഷ്‌കരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ പ്രാക്‌ടീസ് വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന കെജിഎംസിടിഎയും മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസും ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തും.
ശംബള പരിഷ്‌കരണം സംബന്ധിച്ച് ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിയ്‌ക്കുന്ന നിലപാട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന ആവശ്യപ്പെട്ട രീതിയില്‍ ശമ്പള വര്‍ധന നല്‍കിയിട്ടുണ്ട്. 100 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്താണ് ഡോക്ടര്‍മാരുടെ ശംബള പരിഷ്‌ക്കരണം നടപ്പാക്കിയത്. അതിനാല്‍തന്നെ സ്വകാര്യ പ്രാക്‌ടീസ് നിര്‍ത്തലാക്കിയതിനെതിരായ സമരം അംഗീകരിക്കാനാകില്ല. മറ്റുപരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കും. അതിനുമുമ്പ് പേവാര്‍ഡില്‍ രോഗികളെ പ്രവേശിപ്പിക്കാതെ നിസഹകരണ സമരം തുടരുന്നത് അംഗീകരിക്കില്ല. സമരം രോഗികളെ ബാധിച്ചാല്‍ എസ്‌മ പ്രയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്‌ട്.
അതേസമയം സമരവുമായി ശക്തമായി മുന്നോട്ടു പോകാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഇതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ പേവാര്‍ഡില്‍ പ്രവേശനം നടത്തുമെങ്കിലും സൊസൈറ്റി പേവാര്‍ഡില്‍ പ്രവേശനം നടത്തില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് നാല് മെഡിക്കല്‍ കോളജുകളിലും പേവാര്‍ഡ് പ്രവേശനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കും. രോഗികളെ ബുദ്ധിമുട്ടിക്കാതെയാകും സമരം തുടരുക. ബുധനാഴ്‌ചത്തെ കൂടിക്കാഴ്‌ചക്കുശേഷമാകും ഭാവി സമര പരിപാടികളെക്കുറിച്ച് ആലോചിക്കുകയെന്നും കെജിഎംസിടിഎ സംസ്‌ഥാന നേതൃത്വം അറിയിച്ചു.












Click it and Unblock the Notifications