എസ്‌ഐയെ ആക്രമിച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പറവൂരിനടുത്ത് വടക്കേക്കര പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അവതാരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പോലീസ് സ്റ്റേഷന്‍ ആക്രമിയ്‌ക്കുന്നത് ഡിവൈഎഫ്‌ഐ ക്കാരായാലും സിപിഎമ്മുകാരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രിയ്‌ക്ക് വേണ്ടി മന്ത്രി എം വിജയകുമാര്‍ വിശദീകരണം നല്‍കിയതിനെത്തുടര്‍ന്നാണ് സ്‌പീക്കര്‍ പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്.
കോണ്‍ഗ്രസ് അംഗം വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവ് സബ് ഇന്‍സ്‌പെക്‌ടറെ ആക്രമിച്ചത് അധികാരത്തിന്റെ ഹുങ്കാണ് കാണിയ്‌ക്കുന്നതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സതീശന്‍ പറഞ്ഞു.
തിങ്കളാഴ്‌ചയാണ് ഡിവൈഎഫ്‌ഐ നേതാവ് പോലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ ആക്രമിച്ചത്. കൈവിരലുകള്‍ക്ക് പരിക്കേറ്റ എസ്‌ഐ ടി.വി. ഷിബു(30) ആശുപത്രിയില്‍ ചികിത്സയിലാണ്. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി ഒരു പരാതിക്കാരനുമായി സ്റ്റേഷനിലെത്തിയ ചേന്ദമംഗലം പാലാതുരുത്ത് ഫസല്‍ റഹ്‌മാന്‍ (34) ആണ് എസ്‌ഐയ്‌ക്കു ആക്രമണം നടത്തിയത്. ഇയാള്‍ തത്തപ്പിള്ളി വീടാക്രമണക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications