തീപ്പിടുത്തം: യുഎസില്‍ മലയാളി ദമ്പതികള്‍ മരിച്ചു
ചിക്കാഗോ: തീപിടുത്തത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ചിക്കാഗോ നഗരത്തിന് പുറത്ത് ഡെസ്‌പ്‌ളെയിന്‍സിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ കവിയൂര്‍ സ്വദേശി പാസ്റ്റര്‍ പിവൈ ഫിലിപ്പോസ്(69), ഭാര്യ ഏലിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച അമേരിക്കന്‍ സമയം രാവിലെ പത്തിനാണ് തീപിടുത്തം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
പുകശ്വസിച്ചതാണ് മരണകാരണമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായിരുന്ന ഫിലിപ്പോസ് 1994ലാണ് ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയത്. ഇതിന് മുമ്പ് ഐപിസിയുടെ പുത്തന്‍കാവ്, നിരണം സഭകളില്‍ പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്നു.
ചിക്കാഗോയില്‍ എത്തിയശേഷം എലീം സഭയിലും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഡെസ്‌പ്ലെയിനിലെ ഐപിസി ഹൈബ്രോണ്‍ സഭയിലെ അംഗങ്ങളായി പ്രവര്‍ത്തിച്ചിരുവരുകയായിരുന്നു ഇരുവരും.
മൃതദേഹങ്ങള്‍ ചൊവ്വാഴ്‌ച പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. സംസ്‌കാരശുശ്രൂഷകള്‍ ഡെസ്‌പ്‌ളെയിന്‍സിലുള്ള ഐപിസി ഹൈബ്രോണ്‍ സഭയുടെ നേതൃത്വത്തില്‍ നടത്തും. ഷീബ എബ്രഹാം, ഷീമ വര്‍ഗീസ്, ഷൈനി ജോര്‍ജ്, ഷോണ്‍ ഫിലിപ്പ് എന്നിവരാണ് മക്കള്‍












Click it and Unblock the Notifications