കൊച്ചി മെട്രോയ്‌ക്ക് കേന്ദ്രത്തിന്റെ തടസ്സവാദം
ദില്ലി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്‌ക്ക് കേന്ദ്രത്തിന്റെ തടസ്സവാദം. പദ്ധതി ലാഭകരമായിരിക്കില്ലെന്നാണ് ധനമന്ത്രാലയം ചൂണ്ടിക്കാട്ടിയത്.
ഇതോടെ നേരത്തേ പദ്ധതിക്ക് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ച കേന്ദ്രനഗരവികസ മന്ത്രി ജയ്‌പാല്‍ റെഡ്ഡി മുന്‍നിലാപാടില്‍ നിന്നും മാറി.
ധനമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കൊച്ചി മെട്രോ നടപ്പാക്കാനാവില്ലെന്ന് റെഡ്ഡി വ്യക്തമാക്കിയതോടെ കേന്ദ്രസഹായത്തോടെ പദ്ധതി നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
100 ദിവസം കൊണ്ട് പദ്ധതി നടപ്പാക്കാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് റെഡ്ഡി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ജൂണ്‍ 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൊച്ചി മെട്രോ റെയിലിന്റെ കാര്യത്തില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.
പദ്ധതിയ്‌ക്കായി ശരിയായ വിധത്തിലുള്ള പഠനം നടത്തേണ്ടതുണ്ടെന്നാണ് റെഡ്ഡി ഇപ്പോള്‍ പറയുന്നത്. ദില്ലി മെട്രോയുടെ മാതൃകയില്‍ കേന്ദ്രസഹായത്തോടെ പൊതുമേഖലയില്‍ത്തന്നെ പദ്ധതി നിലനിര്‍ത്താം എന്ന സംസ്ഥാനത്തിന്റെ ചിന്ത ഇതോടെ അസ്ഥാനത്തായി.
കൊച്ചി നഗരത്തിലെ വ്യാപാരികളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും. അത് അവഗണിച്ച് ദില്ലി മെട്രോ എംഡി എം ശ്രീധരനെ ചെയര്‍മാനായി നിയമിച്ച് കാര്യമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ തിരിച്ചടി.
പദ്ധതി പൊതുമേഖയില്‍ നിലനിര്‍ത്തുന്നതിനോട് കേന്ദ്രആസൂത്രണ കമ്മീഷന്‍ നേരത്തേ എതിര്‍പ്പ് പ്രടിപ്പിച്ചിരുന്നു. പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നായിരുന്നു ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശം. പിന്നീട് പദ്ധതി പൊതുമേഖലയില്‍ത്തന്നെ നടപ്പാക്കാന്‍ കമ്മീഷന്‍ സമ്മതിക്കുകയായിരുന്നു.
3000കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ 450കോടി രൂപവീതം വിഹിതം നല്‍കും. ഇത് മൊത്തം തുകയുടെ 30ശതമാനം വരും. ബാക്ക തുകക്കായി ജപ്പാന്‍ ബാങ്കിന്റെ സഹായം തേടാനായിരുന്നു തീരുമാനം. പദ്ധതിയില്‍ കേന്ദ്രത്തിന് നേരിട്ടുള്ള നിക്ഷേപമായ 450കോടി രൂപയ്‌ക്കുള്ള വക കണ്ടെത്താന്‍ കഴിയാത്തതാണ് പദ്ധതിയ്‌ക്ക് തടസ്സമാകുന്നത്.












Click it and Unblock the Notifications