ചൈനയുടെ എതിര്‍പ്പ് ഇന്ത്യ തള്ളി
ദില്ലി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതില്‍ ചൈന ഉയര്‍ത്തുന്ന എതിര്‍പ്പ് വിദേശകാര്യമന്ത്രി എസ്‌എംകൃഷ്‌ണ തളളിക്കളഞ്ഞു. ഇന്ത്യ അഭയം നല്‍കിയ ദലൈലാമയ്‌ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിയ്‌ക്കാമെന്നും അദ്ദേഹം സന്ദര്‍ശിയ്‌ക്കാനിരിയ്‌ക്കുന്ന അരുണാചല്‍പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും എസ്‌എം കൃഷ്‌ണ വ്യക്തമാക്കി. എന്നാല്‍ ദലൈലാമ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ക്ക് മുതിരില്ലെന്ന് അദ്ദേഹം പ്രത്യാശിച്ചു.
അരുണാചല്‍ പ്രദേശിലെ തവാങ് മേഖല സന്ദര്‍ശിക്കുന്നതിനാണ് ദലൈലാമ കേന്ദ്രസര്‍ക്കാരിനോട് അനുവാദം ചോദിച്ചിരിക്കുന്നത്. ഈ പ്രദേശം തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ലാമ ഇവിടെ സന്ദര്‍ശിയ്‌ക്കുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്. തവാങ്ങില്‍ താന്‍ സംഭാവന ചെയ്‌ത 20 ലക്ഷം രൂപ കൊണ്ട് നിര്‍മ്മിച്ച ആശുപത്രി ഉദ്‌ഘാടനം ചെയ്യാനാണ് ദലൈലാമ സന്ദര്‍ശാനുമതി ചോദിച്ചിരിയ്‌ക്കുന്നത്.
ചൈനാ വിരുദ്ധ, വിഘടനവാദ സന്ദേശം പകരുന്നതിനാണ് ദലൈലാമയുടെ സന്ദര്‍ശനമെന്ന് ആരോപിച്ചാണ് ചൈന എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവക്താവ് ജിയാങ് യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേ സമയം ചൈനയുടെ എതിര്‍പ്പിനും പ്രതിഷേധത്തിനും മുന്നില്‍ ഇന്ത്യ തലകുനിയ്‌ക്കരുതെന്ന് ടിബറ്റ്, അരുണാചല്‍പ്രദേശ് സംഘടനകള്‍ ആവശ്യപ്പെട്ടു. ചൈനയുടെ നിലപാടില്‍ പുറത്താക്കപ്പെട്ട ടിബറ്റന്‍ സര്‍ക്കാരും പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറ്റം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അരുണാചലിന്റെ കാര്യത്തില്‍ അവര്‍ വീണ്ടും അവകാശവാദം ഉന്നയിച്ചിരിയ്‌ക്കുന്നത്. ലഡാക്കില്‍ ചൈന കടന്നുകയറ്റം നടത്തുന്നുണ്ടെന്നും അവിടെ പാഴ് വസ്‌തുക്കള്‍ കൊണ്ടുവന്നിടുന്നതുമായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പുറമെ സിക്കിമിന്റെ വടക്കന്‍ മേഖലയിലുള്ള കൊരാങ്ങില്‍ ചൈനീസ് സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യ-ടിബറ്റ് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേപ്പറ്റി പ്രതികരിയ്‌ക്കാന്‍ കൃഷ്‌ണ തയ്യാറായില്ല.












Click it and Unblock the Notifications