മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സര്‍വെ അനുമതി
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മക്കുന്നതിന് വനം സര്‍വെ നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷിന്റെ അധ്യക്ഷതയില്‍ ബുധനാഴ്‌ച ചേര്‍ന്ന വൈല്‍ഡ് ലൈഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗമാണ് കേരളത്തിന് അനുകൂലമായ നിലപാടെടുത്തത്.
പുതിയ അണക്കെട്ടിനായി 10 കിലോമീറ്റര്‍ പ്രദേശത്താണ് സര്‍വെ നടത്തേണ്ടത്. ഇതില്‍ ഏഴുകിലോമീറ്റര്‍ പ്രദേശത്തെ സര്‍വെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ശേഷിച്ച മൂന്ന് കിലോമീറ്റര്‍ പ്രദേശം വനഭൂമിയും വന്യമൃഗ സങ്കേതത്തിന്റെ ഭാഗവുമാണ്. അതിനാലാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി തേടിയത്. വനം സര്‍വെ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നത്. പുതിയ അണക്കെട്ടിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ഇതിന് ശേഷമെ തയ്യാറാക്കാന്‍ കഴിയൂ.
നിലവിലുള്ള ഡാമിനു 1300 അടി താഴെയാണ് പുതിയ അണക്കെട്ട് നിര്‍മിയ്‌ക്കാന്‍ കേരളം ഉദ്ദേശിയ്‌ക്കുന്നത്. 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാണ് പദ്ധതി. വനം മേഖലയില്‍ സര്‍വെ നടത്തുമ്പോള്‍ പ്രദേശത്തെ പരിസ്ഥിതിയ്‌ക്ക് കോട്ടം തട്ടാന്‍ പാടില്ലെന്ന് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കാന്‍ പാടില്ല, തൊഴിലാളികള്‍ വനത്തില്‍ താമസിക്കാന്‍ പാടില്ല, വലിയ ശബ്ദകോലാഹലങ്ങള്‍ പാടില്ല, സര്‍വേ നടപടികള്‍ വന്യമൃഗങ്ങള്‍ക്ക് തടസമാകരുത് തുടങ്ങിയ നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിയ്‌ക്കുന്നത്.
പുതിയ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര മന്ത്രാലയം ഇടപെടില്ലെന്നും സര്‍വെ നടത്താന്‍ മാത്രമാണ് അനുമതിയെന്നും മന്ത്രി ജയറാം രമേഷ് വ്യക്തമാക്കി. പുതിയ അണക്കെട്ടിനുള്ള അനുമതി മറ്റൊരു വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വേയ്‌ക്ക് അനുമതി നല്‍കിയ കേന്ദ്ര നടപടി സ്വാഗതാര്‍ഹമാണെന്ന് ജലവിഭവ വകുപ്പു മന്ത്രി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സര്‍വേ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications