ഓംപ്രകാശിനെതിരെ ഗുണ്ടാനിയമം പ്രയോഗിച്ചേയ്‌ക്കും

ഇരുവരെയും ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്‌ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്. ഇതിന്റെ മുന്നോടിയായി പോള്‍ വധക്കേസ് സെപ്‌റ്റംബര്‍ 17ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ബുധനാഴ്‌ച ഹര്‍ജി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വ്യാഴാഴ്‌ച ഹര്‍ജി പരിഗണിക്കും. കടകംപള്ളി സ്വദേശിയായ ശിവപ്രസാദിന്റെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ഇരുവരെയും തിരുനെല്‍വേലിയില്‍ നിന്നും ഈ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ഇവരെ റിമാന്റ് ചെയ്‌ത്, കേസ് നവംബര്‍ ഏഴിലേക്ക് മാറ്റുകയായിരുന്നു.
ഗുണ്ടാ നിയമപ്രകാരം ഇവര്‍ രണ്ടുപേര്‍ക്കുമെതിരെ ജില്ലാ കളക്ടറുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഇതിനിടെ ഓംപ്രകാശിനെയും രാജേഷിനെയും ഒളിവില്‍ത്താമസിക്കാന്‍ സഹായിച്ച ഡിനി ബാബു എന്ന ഗുണ്ടയെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌്‌ട്രേട്ട് കോടതി 14 ദിവസത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു.
കഴിഞ്ഞദിവസമാണ് ഇയാള്‍ കീഴടങ്ങിയത്. പോള്‍ വധിക്കപ്പെട്ട ദിവസം ഗുണ്ടാ നേതാക്കള്‍ ചവറയില്‍ നിന്നും കണ്ണമ്മൂലയിലുള്ള ഡിനിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഗുണ്ടാപ്പട്ടികയില്‍പ്പെട്ട ഇവരെ സംരക്ഷിച്ചുവെന്നതാണ് ഡിനിക്കെതിരായ കുറ്റം. ഗുണ്ടാനിയമപ്രകാരമാണ് മെഡിക്കല്‍ കോളെജ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് ഓംപ്രകാശും രാജേഷും സമര്‍പ്പിച്ച ജാമ്യ ഹര്‍ജി രാമങ്കരി കോടതി വ്യാഴാഴ്‌ച പരിഗണിക്കും. കേസിലെ ഒന്നാം പ്രതി കാരി സതീഷിന്റെ ജാമ്യാപേക്ഷ ആലപ്പുഴ കോടതി വ്യാഴാഴ്‌ചതന്നെയാണ് പരിഗണിക്കുന്നത്.


Click it and Unblock the Notifications