അവസാന ദിവസവും ബഹളം; സഭ പിരിഞ്ഞു

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വിഡി സതീശന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേരളം ഗുണ്ടാ-മാഫിയാ വിഹാര കേന്ദ്രമായി തീര്‍ന്നിരിയ്‌ക്കുന്നതായി വിഡി സതീശന്‍ പ്രമേയാനുമതി തേടിക്കൊണ്ട് കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പും സിപിഎമ്മും ഇതിന് എല്ലാ ഒത്താശകളും നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപണങ്ങള്‍ വസ്‌തുതാ വിരുദ്ധമാണെന്ന് വിശദീകരിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്താകെ ക്രമസമാധാനനില തകര്‍ന്നെന്ന ആരോപണം അംഗീകരിക്കാനാവില്ല. ദേശീയതലത്തില്‍ കേരളത്തിന് ലഭിച്ച പുരസ്‌കാരത്തെ വിലകുറച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
തുടര്‍ന്ന് സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സ്ഥാനം രാജിവെയ്‌ക്കണമെന്ന് സഭവിടുന്നതിന് മുന്‍പ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി പ്രസംഗിയ്‌ക്കാന്‍ ശ്രമിച്ചത് ഭരണപക്ഷം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്.
ബഹളത്തിനിടെ പമ്പാനദീതട അതോറിറ്റി ബില്ല്, ക്രിമിനല്‍ നിയമ ഭേദഗതി ബില്ല്, വനം പരിസ്ഥിതി ബില്ല് എന്നിവ ചര്‍ച്ച കൂടാതെ പാസാക്കി. സഭാ സമ്മേളനം അവസാനിച്ചതായി സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications