പണമില്ലേ? പഴം കൊണ്ടും ഫോണ്‍ റീചാര്‍ജ് ചെയ്യാം

മൊബൈല്‍ ഫോണ്‍ സാധാരണക്കാര്‍ക്കിടയില്‍പ്പോലും സര്‍വ്വസാധാരണമായിക്കഴിഞ്ഞു. വിപണിയില്‍ ചുരുങ്ങിയ വിലയ്‌ക്ക് ഫോണുകളും, ചുരുങ്ങിയ നിരക്കില്‍ കണക്ഷനും ലഭിക്കുന്നതുകൊണ്ടുതന്നെ എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണ്.
എന്നാല്‍ ഉപയോഗിച്ചുതുടങ്ങി പിന്നീട് ഫോണില്‍ വീണ്ടും കാശിടുക എന്നത് പലപ്പോഴും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. കയ്യില്‍ കാശില്ലാത്തവരാണ് മൊബൈല്‍ റിച്ചാര്‍ജ് ചെയ്യാന്‍ പഴങ്ങള്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
അവനവന്റെ കൃഷിയിടത്തില്‍ പഴങ്ങളില്ലെങ്കില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നും മോഷ്ടിക്കുക ഇതാണ് ഇപ്പോള്‍ പട്‌നയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്കിടയിലെ ഏറ്റവും പുതിയ ട്രന്‍ഡ്.
പഴം കൊണ്ട് എങ്ങനെ റീച്ചാര്‍ജ് ചെയ്യുമെന്നല്ലേ ആലോചിക്കുന്നത്. പഴം കൃഷിയിടത്തില്‍ നിന്നും പറിച്ചെടുക്കുക കടയില്‍ കൊണ്ടുപോയി വില്‍ക്കുക കിട്ടുന്ന പണം കൊണ്ട് മൊബൈല്‍ റിച്ചാര്‍ജ് ചെയ്യുക.
ബീഹാറിലെ വൈശാലി ജില്ലയില്‍ ഈ രീതി പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഇതോടെ നാട്ടില്‍ മോഷണവും വര്‍ധിച്ചുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്വന്തമായി കൃഷിഭൂമിയും കൃഷിയും ഇല്ലാത്തവര്‍ അന്യന്റെ വിളവാണ് മോഷ്ടിക്കുന്നത്.
ഇതിനായി വാഴപ്പഴമാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പല കര്‍ഷകരും മോഷണശല്യം സഹിക്കാന്‍ കഴിയാതെ കൃഷിയിടത്തിന് കാവല്‍ ഏര്‍പ്പെടുത്തുകയും വേലി കെട്ടുകയുമൊക്കെ ചെയ്യുകയാണ്.
സാമാന്യം വലുപ്പമുള്ള വാഴപ്പഴത്തിന്റെ ഒരു പടലയ്‌ക്ക് സാധരണയായി 25-40രൂപ ലഭിക്കും. എന്നാല്‍ ഇവ മോഷ്ടിച്ച് വില്‍ക്കുന്നവര്‍ ഈ വില ഇടിച്ചുകളയുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. എത്രരൂപയ്‌ക്കാണോ റിച്ചാര്‍ജ് ചെയ്യേണ്ടത് അത്രയും രൂപക്ക് അവര്‍ പഴം വില്‍ക്കുന്നു ചിലപ്പോള്‍ അത് 10രൂപയ്‌ക്കായിരിക്കും മറ്റു ചിലപ്പോള്‍ 20 രൂപയ്‌ക്കും.
ഇങ്ങനെ കുറഞ്ഞ കാശിന് പഴം ലഭിക്കുന്ന കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്നും പഴം വിലക്കെടുക്കാന്‍ മടിക്കുകയാണത്രേ. ഈ പ്രദേശത്ത് ദിവസം അമ്പത് പേരെങ്കിലും ഇത്തരത്തില്‍ പഴങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ പൊലീസ് പറയുന്നത് ഇത്തരത്തില്‍ ഒരു കേസ്‌മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നതെന്നാണ്.












Click it and Unblock the Notifications