മുല്ലപ്പെരിയാര്‍: തമിഴ്‌നാട് ആശങ്കയില്‍
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സര്‍വ്വേ നടത്തുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേയ്‌ക്കുമെന്ന് സൂചന.
സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി എം കരുണാനിധി കേന്ദ്ര സര്‍ക്കാറിനെ അതൃപ്‌തി അറിയിച്ചതായും സൂചനയുണ്ട്. നിലവിലുള്ള അണക്കെട്ട് ദുര്‍ബലമായതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
എന്നാല്‍ അണക്കെട്ട് ശക്തമാണെന്നും പുതിയ അണക്കെട്ട് പണിയേണ്ടതില്ലെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്. വനം-പരിസ്ഥിതി മന്ത്രാലയം പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സര്‍വ്വേയ്‌ക്ക് അനുമതി നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ തമിഴ്‌നാടിന് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ എന്നും സ്വന്തം താല്‍പര്യം പറഞ്ഞ് വരുതിയില്‍ നിര്‍ത്താമെന്ന തമിഴ്‌നാടിന്റെ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്.
വ്യാഴാഴ്‌ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിനോട് തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ചു.
എന്നാല്‍വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ സര്‍വ്വേ നടത്തുന്നതിന് വനം നിയമപ്രകാരമുള്ള അനുമതി മാത്രമാണ് കേരളത്തിന് നല്‍കിയതെന്ന് മന്ത്രി ആവര്‍ത്തിച്ചു.
പുതിയ അണക്കെട്ട് പണിയാനുള്ള അനുമതിയായി ഇതിനെ കാണാന്‍ കഴിയില്ലെന്നും അണക്കെട്ട് പണിയണമെങ്കില്‍ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള അനുമതിയുള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ കേരളം തരണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍വ്വേ സംബന്ധിച്ച വിവരം രേമഷ് തന്നെയായിരുന്നു മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ വിളിച്ച് അറിയിച്ചത്. ഇക്കാര്യത്തില്‍ വിഎസ് ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications