ദിവ്യാ ജോഷിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ല
തൃശൂര്‍: ജീവനൊടുക്കിയ സ്വാമിനി ദിവ്യാ ജോഷിയുടെയും അമ്മയുടെയും പോസ്‌റ്റ്‌മോര്‍ട്ടം ഞായറാഴ്‌ചത്തേക്ക് മാറ്റി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആരും എത്താത്ത അവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് കഴിഞ്ഞ മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം ഞായറാഴ്‌ചത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ സംസ്‌ക്കാരം നടത്തുന്നതിലുള്ള കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
ബന്ധുക്കളുമായി അകന്നു കഴിയുന്ന സ്വാമിനി തട്ടിപ്പു കേസില്‍ പ്രതിയായതോടെ നാട്ടുകാരും അകല്‍ച്ചയിലായിരുന്നു. ഇവരെ ആരാധിച്ചിരുന്നവരും മൃതദേഹം ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ സംസ്‌ക്കാരം ഞായറാഴ്‌ച തന്നെ നടത്താനാകുമോ എന്ന കാര്യത്തില്‍ ഇവരുടെ അഭിഭാഷകന്‍ സംശയം രേഖപ്പെടുത്തി.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാമിനിയുടെ ഭര്‍ത്താവ് ജോഷിയ്‌ക്ക് ഇതേ വരെ ജാമ്യം ലഭിച്ചിട്ടില്ല. ഇയാള്‍ ഇപ്പോള്‍ പുതുക്കാട് സ്റ്റേഷനില്‍ കസ്റ്റഡിയിലാണുള്ളത്. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്‌തത്. ഇത് കഴിഞ്ഞ് മൂന്നു മണിക്കൂറിന് ശേഷം ദിവ്യാ ജോഷിയെയും അമ്മ ഉഷയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്‌ക്കാനായില്ല. സയനൈഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.












Click it and Unblock the Notifications