തിരുവനന്തപുരത്തും കൊല്ലത്തും ഭൂചലനം
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം ജില്ലയുടെ തെക്കന്‍ മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.45-നു രണ്ടര സെക്കന്റ് അനുഭവപ്പെട്ട ഭൂചലനം റിച്ചര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തി.
പോത്തന്‍കോട്, ചേങ്കോട്ടുകോണം, കഴക്കൂട്ടം, വര്‍ക്കല, ചിറയിന്‍കീഴ്, കണിയാപുരം മേഖലകളില്‍ കാര്യമായ ചലനം അനുഭവപ്പെട്ടു. എന്നാല്‍ ചലനത്തില്‍ വലിയനാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ചില വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ട് പലയിടത്തും പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി. ഉയരമുള്ള കെട്ടിടങ്ങളില്‍ ഇരുന്നവര്‍ക്കും റോഡില്‍ യാത്ര ചെയ്‌തവര്‍ക്കുമാണു ചലനം അനുഭവപ്പെട്ടത്. വീടുകളിലെ ടിവി, ഗ്ലാസുകള്‍ എന്നിവ വീണു പൊട്ടി.
എയര്‍പോര്‍ട്ട് തോപ്പ് പള്ളിയില്‍ നടന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍ പരിഭ്രാന്തരായി. വലിയതുറയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ചിലര്‍ക്കു പരുക്കേറ്റു.
തുടര്‍ചലനങ്ങള്‍ക്കു സാധ്യതയില്ലെങ്കിലും ജനം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു ഭൗമശാസ്‌ത്രപഠനകേന്ദ്രം അറിയിച്ചിട്ടുണ്ട്. നഗരത്തില്‍നിന്നു 18-19 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വടക്കുപടിഞ്ഞാറു ഭാഗത്തായാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഭൗമശാസ്‌ത്രപഠനകേന്ദ്രം പറഞ്ഞു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനവുമായി ഇപ്പോഴത്തെ ചലനത്തിനു ബന്ധമില്ല. ഭൗമോപരിതലത്തോടു ചേര്‍ന്നുള്ള ഭൂകമ്പമായതിനാലാണു ശബ്‌ദം കേട്ടത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.5 വരെ ശക്‌തിയുള്ള ഭൂചലനമുണ്ടാകാന്‍ സാധ്യതയുള്ള മേഖലയിലാണു കേരളം.
ഭൂചനത്തെത്തുടര്‍ന്ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ദുരന്തനിവാരണ സെല്‍ അടിയന്തര അവലോകനയോഗം ചേര്‍ന്നു. ഭൗമശാസ്‌ത്രകേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥിതി വിലയിരുത്തി.
തിരുവനന്തപുരം, കൊല്ലം ജില്ലാ കലക്‌ടര്‍മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. സുനാമി മുന്നറിയിപ്പു സംവിധാനവും ജാഗ്രത പുലര്‍ത്തുന്നു. വിഴിഞ്ഞം മുതല്‍ ചാത്തന്നൂര്‍വരെ ഭൂചലനത്തിന്റെ തരംഗം അനുഭവപ്പെട്ടിട്ടുണ്ട്.
തീരമേഖലകളായ വേളി, വെട്ടുകാട്, ശംഖുമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ, ചൊവ്വര, കോവളം, തിരുവല്ലം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും കടലില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടില്ല.
ഭൂമിക്കടിയില്‍നിന്നു ശബ്‌ദം കേട്ടെന്നു ചിലര്‍ പറഞ്ഞു. വിമാനത്താവള പരിസരത്തും ഭൂചലനം അനുഭവപ്പെട്ടെങ്കിലും കേടുപാടുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. വേളി ബോട്ട്‌ക്ലബ്ബിനു സമീപം ഒരു വീടിനു നേരിയ വിള്ളല്‍ വീണു. കാട്ടായിക്കോണം, വട്ടപ്പാറ, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, പൂജപ്പുര, തമ്പാനൂര്‍, മണക്കാട്, കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ നേരിയ ചലനമാണ് അനുഭവപ്പെട്ടത്.












Click it and Unblock the Notifications