കുടിയിറക്കപ്പെട്ട എംപി തെരുവിലുറങ്ങി പ്രതിഷേധിച്ചു
ദില്ലി: ഔദ്യോഗിക വസതി ഒഴിയാന്‍ വിസമ്മതിച്ച ഒരു രാജ്യസഭാംഗത്തെയും മുന്‍ എംപി യെയും അധികൃതര്‍ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചു.
തന്റെ ഔദ്യോഗിക വസതിയില്‍നിന്ന് സാധനങ്ങള്‍ വലിച്ചു പുറത്തിട്ടതിനെതിരെ ബിജെപിയുടെ രാജ്യസഭാംഗമായ നന്ദകുമാര്‍ സായിയാണ് വെള്ളിയാഴ്ച തന്റെ ഫ്‌ളാറ്റിനു പുറത്ത് തെരുവിലുറങ്ങി പ്രതിഷേധിച്ചത്.
ഇദ്ദേഹത്തെ പുതുതായി രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതാണെന്ന വിവരം അറിയാതെയാണ് എസ്റ്റേറ്റ് വകുപ്പ് കുടിയൊഴിപ്പിക്കല്‍ നടത്തിയത്. സംഭവം വിവാദമായി മാറിയിരിക്കുകയാണ്.
മുന്‍ എംപി രാംദാസ് അത്താവലെയാണ് കുടിയൊഴിപ്പിക്കപ്പെട്ട മൊറ്റൊരാള്‍. അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് രാംദാസ്.
ഛത്തീസ്ഗഢില്‍ നിന്ന് 2004-ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നന്ദകുമാര്‍ സായി, സൗത്ത് അവന്യൂവിലെ 176ാം നമ്പര്‍ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.
എം.പി.യല്ലാതായതിനുശേഷം അദ്ദേഹത്തോട് വീടൊഴിയാന്‍ എസ്റ്റേറ്റ് വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതികരിച്ചില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2009 ആഗസ്ത് മൂന്നിന് അദ്ദേഹം രാജ്യസഭാംഗമായി.
നേരത്തേ താമസിച്ച വീടുതന്നെ രാജ്യസഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന് അനുവദിച്ചു. ഇതറിയാതെയാണ് എസ്റ്റേറ്റ് വകുപ്പധികൃതര്‍ വ്യാഴാഴ്ച കുടിയൊഴിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ എം.പി. സ്ഥലത്തില്ലായിരുന്നു.
രാത്രി ഒമ്പത് മണിക്ക് വീട്ടിലെത്തുമ്പോള്‍ തന്റെ സാധനങ്ങള്‍ ഫ്‌ളാറ്റില്‍നിന്ന് വലിച്ച് പുറത്തിട്ട നിലയിലായിരുന്നെന്ന് എം.പി. പറഞ്ഞു. സ്വര്‍ണമുള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ കളവുപോയിട്ടുണ്ടെന്നും ബിജെപി. നേതൃത്വവുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്ന് ലോക്‌സഭാംഗമായിരുന്ന രാംദാസ് അത്താവലെ ലോധി റോഡിലെ ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്. ആര്‍പിഐ. നേതാവായ അത്താവലെയുടെ വീട് ഒഴിപ്പിച്ചതിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ പ്രവര്‍ത്തകര്‍ മുംബൈയില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു.












Click it and Unblock the Notifications