ട്വിറ്ററില്‍ ശശി തരൂരിന് ഫോളോവേഴ്‌സ് പട

ട്വിറ്ററിലൂടെയാണ് തരൂര്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. ഇതോടെ തരൂരിനൊപ്പം വാര്‍ത്തകളില്‍ ട്വിറ്ററും താരമായി മാറി. ഇപ്പോള്‍ തരൂരിനെ പിന്തുടരാനായി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ തിക്കും തിരക്കുമാണ്.
മിനിറ്റില്‍ നൂറുകണക്കിനാളുകളാണ് ശശി തരൂരിനെ ട്വിറ്ററില്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരമണിവരെ 191,236 പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.
കന്നുകാലി ക്‌ളാസ് വിവാദമുണ്ടായതോടെയാണ് തരൂരിന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ പിന്തുടരുന്നവരുടെ തള്ളിക്കയറ്റമുണ്ടായത്. ഇതിനിടെ തരൂരിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുകളില്‍ പലരും ട്വിറ്ററിലൂടെ തന്നെ പ്രതികരിച്ചിരുന്നു.
അവസാനം വിവാദം അവസാനിപ്പിക്കാനായി തരൂര്‍ ട്വിറ്ററിലൂടെ മാപ്പും പറഞ്ഞിരുന്നു. വിവാദം ഏതാണ്ട് കെട്ടടങ്ങാറായിട്ടും തരൂരിനെ പിന്തുടരാനെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
തന്നെ ഏറെപ്പേര്‍ പിന്തുടരുന്നുണ്ടെങ്കിലും തരൂര്‍ ഒന്‍പത് പേരെമാത്രമാണ് പിന്തുടരുന്നത്. വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ, കണ്ണൂര്‍ എംപി കെ സുധാകരന്‍, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ്, മക്കളായ കനിഷ്‌ക് തരൂര്‍, ഇഷാന്‍ തരൂര്‍ എന്നിവര്‍ തരൂര്‍ പിന്തുടരുന്നവരില്‍ ഉള്‍പ്പെടുന്നു.
തരൂര്‍ ഇതേവരെ 1404 ട്വീറ്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലുള്ള ഇന്ത്യക്കാരില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത് തരൂരിന് തന്നെയാണ്.
എന്നാല്‍ ലോകത്തൊട്ടാകെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പിന്തുടര്‍ച്ചക്കാരുള്ള വ്യക്തി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ്. ഇദ്ദേഹത്തിന് 2,204,884 ഫോളോവേഴ്‌സ് ആണുള്ളത്.
വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണയ്‌ക്ക് 3,458ഉം, കണ്ണൂര്‍ എംപി കെ സുധാകരന് 2,698ഉം കെവിന്‍ റൂഡിന് 555,264 ഫോളോവേഴ്‌സുമാണ് ഉള്ളത്.












Click it and Unblock the Notifications