മുല്ലപ്പെരിയാര്‍ സര്‍വേ തടയാന്‍ തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ സര്‍വേ പൂര്‍ത്തിയാക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ തമിഴ്‌നാട് രംഗത്ത്. സര്‍വേ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത് തമിഴ്‌നാടിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എം കരുണാനിധി പറഞ്ഞു. സര്‍വേ നടത്താന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമാണ്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലും ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയിലുമാണ് കരുണാനിധി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിലുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ അനുമതി നല്‍കില്ലെന്ന പ്രതീക്ഷയാണ് ഉള്ളത്. കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കുന്നത്. തമിഴ്‌നാട്ടിലെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യമറിയാതെയാണ് പ്രതിഷേധത്തിനിറങ്ങുന്നതെന്നും കരുണാനിധി പറഞ്ഞു.
കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വൈല്‍ഡ് ലൈഫ് സ്റ്റാന്റിങ് കമ്മിറ്റി യോഗം അണക്കെട്ട് നിര്‍മാണത്തിനായുള്ള സര്‍വേയ്‌ക്ക് അനുമതി നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി ജയറാം രമേഷിനെ ഉദ്ധരിച്ചായിരുന്നു മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്. സര്‍വേ വിവാദമാക്കരുതെന്ന് ജയറാം രമേഷ് അഭ്യര്‍ത്ഥിച്ചിരുന്നു.
പുതിയ അണക്കെട്ടിനു സര്‍വേ നടത്താന്‍ അനുമതി നല്‍കിയത് തമിഴ്‌നാട്ടില്‍ ഡിഎംകെ. സര്‍ക്കാരിനു രാഷ്‌ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലുകളുണ്ടായ സാഹചര്യത്തിലാണ് കരുണാനിധി രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിന് സര്‍വെ നടത്താന്‍ അനുമതി ലഭിച്ച സംഭവം തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിയിരുന്നു. അതേ സമയം പുതിയ ഡാമിനുള്ള സര്‍വേയ്‌ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഒരാഴ്‌ചയ്‌ക്കുള്ളില്‍ കേരളത്തിനും തമിഴ്‌നാടിനും നല്‍കുമെന്നാണ് അറിയുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന രണ്ടരക്കിലോമീറ്റര്‍ വനമേഖലയില്‍ സര്‍വേ നടത്താനുള്ള അനുമതിയാണ് ദില്ലിയില്‍ നിന്നും കേരളത്തിന് ലഭിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications