കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പൊഖ്റാന്‍ 2 പരീക്ഷണം: അന്വേഷണം നടത്തണം
ദില്ലി: 1998ല്‍ ഇന്ത്യ പൊഖ്റാനില്‍ നടത്തിയ ആണവപരീക്ഷണം പൂര്‍ണ വിജയമായിരുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നതായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് കെ സന്താനം. ദില്ലിയില്‍ ഇന്ത്യന്‍ വിമന്‍ പ്രസ് കോര്‍പ്പറേഷനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ.നാരായണന് നടത്തിയ പ്രസ്താവനയെ അനാവശ്യമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സന്താനം, വസ്തുതകള്‍ മനസിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പറഞ്ഞു. പൊഖ്റാന്‍ പരീക്ഷണം പൂര്‍ണ വിജയമാണെന്നായിരുന്നു എംകെ നാരായണന് പറഞ്ഞത്. ആണവ പരീക്ഷണത്തിന്റെ വിജയത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും സന്താനം ആവശ്യപ്പെട്ടു.
ഇന്ത്യ പൊഖ്റാനില്‍ നടത്തിയ രണ്ടാമത്തെ അണുപരീക്ഷണം വിജയമായിരുന്നില്ലെന്നും, അതു കൊണ്ടു തന്നെ സിടിബിടിയില്‍ ഒപ്പിടുന്നതിന് ധൃതി കാണിയ്ക്കാതെ ഇന്ത്യ ഇനിയും ആണവ പരീക്ഷണം തുടരണമെന്നുമായിരുന്നു സന്താനത്തിന്റെ വെളിപ്പെടുത്തല്‍.