സിപിഎം ഓഫീസ് ആക്രമിച്ചു; 15 മരണം
മിഡ്‌നാപൂര്‍: പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരേ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മിഡ്‌നാപൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഇനയത്‌പൂരിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് മാവോയിസ്‌റ്റുകള്‍ പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 15 ഓളം പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സിപിഎം പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അക്രമികളെ തുരത്താന്‍ 500 റൗണ്ട് വെടിവച്ചെന്നു പൊലീസ് അധികൃതര്‍ അറിയിച്ചു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി നക്‌സലുകളാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞ് ഒരാഴ്‌ചയ്‌ക്കുള്ളിലാണ് ബംഗാളില്‍ വീണ്ടും രക്തചൊരിച്ചിലുണ്ടാകുന്നത്. വെസ്റ്റ് മിഡ്‌നാപ്പുര്‍ ജില്ലയില്‍ത്തന്നെയുള്ള ലാല്‍ഗഢിന്റെ നിയന്ത്രണം കഴിഞ്ഞ ജൂണില്‍ മാവോയിസ്റ്റുകള്‍ പിടിച്ചെടുത്തിരുന്നു. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനിലൂടെ ലാല്‍ഗഢില്‍ എത്തിച്ചേരാന്‍ കേന്ദ്രസേനയ്‌ക്ക് കഴിഞ്ഞെങ്കിലും പ്രദേശം പൂര്‍ണ നിയന്ത്രണത്തിലാക്കുന്ന കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടിരുന്നു.
ഇതിനിടെ, തിങ്കളാഴ്‌ച അറസ്റ്റിലായ സിപിഐ (മാവോയിസ്റ്റ്) പിബി അംഗം കൊബാദ് ഗാന്ധിയെ നിരുപാധികം വിട്ടയയ്‌ക്കണമെന്നു മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് കിഷന്‍ജി ആവശ്യപ്പെട്ടു. കൊബാദ് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മിഡ്‌നാപ്പുരില്‍ സംഘര്‍ഷമുണ്ടായത്. എന്നാല്‍, രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
ഒറീസയിലെ റോക്‌സി റെയ്‌ല്‍വേ സ്‌റ്റേഷനിലും തിങ്കളാഴ്‌ച നക്‌സലുകള്‍ അക്രമിച്ചു. ഇരച്ചുകയറിയ മാവോയിസ്റ്റ് സംഘം സ്‌റ്റേഷന്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തിയതിനെത്തുടര്‍ന്ന് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications