കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഷ്യന്‍സാറ്റ്‌ 2 വിജയകരമായി വിക്ഷേപിച്ചു

  • By Staff
Google Oneindia Malayalam News

ISRO launches Oceansat-2, nano satellites from Sriharikota
ചെന്നൈ: സമുദ്ര പര്യവേഷത്തിനായി ഐഎസ്‌ആര്‍ഒ നിര്‍മ്മിച്ച ഉപഗ്രഹം ഓഷ്യന്‍സാറ്റ്‌ 2 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 11.50ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്റില്‍ നിന്ന്‌ പിഎസ്‌എല്‍വി സി14 റോക്കറ്റിലാണ്‌ ഓഷ്യന്‍സാറ്റ്‌ വിക്ഷേപിച്ചത്‌. ഉപരാഷ്‌ട്രപതി. ഹമീദ്‌ അന്‍സാരി, വിദ്യാഭ്യാസമന്ത്രി എംഎ. ബേബി എന്നിവരും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ എന്നിവര്‍ വിക്ഷേപണത്തിന്‌ സാക്ഷ്യം വഹിച്ചു.

ഓഷ്യന്‍സാറ്റിനൊപ്പം വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ ആറ്‌ ചെറിയ ഉപഗ്രഹങ്ങളും ഐഎസ്‌ആര്‍ഒ ബഹിരാകശത്തെത്തിച്ചു. റോക്കറ്റ്‌ കുതിച്ചുയര്‍ന്ന്‌ 1200 സെക്കന്റ്‌ കഴിഞ്ഞാല്‍ ഏഴ്‌ ഉപഗ്രഹങ്ങളും റോക്കറ്റില്‍ നിന്നും വേര്‍പ്പെടുത്തുന്ന രീതിയിലാണ്‌ ഐഎസ്‌ആര്‍ഒ വിക്ഷേപണം ക്രമീകരിച്ചിരുന്നത്‌. 960 കിലോഗ്രാം ഭാരമുള്ള ഓഷ്യന്‍സാറ്റാണ്‌ ആദ്യം റോക്കറ്റില്‍ നിന്നും വേര്‍പ്പെട്ടത്‌. ഇതിന്‌ പിന്നാലെ 10-12 സെക്കന്റ്‌ ഇടവേളകളില്‍ മറ്റ്‌ ആറ്‌ നാനോ ഉപഗ്രഹങ്ങളും വിജയകരമായി ബഹിരാകാശത്തെത്തി. ജര്‍മനിയുടെ നാലും സ്വിറ്റ്‌സര്‍ലന്‍ഡിന്റേയും തുര്‍ക്കിയുടേയും ഓരോ ചെറു ഉപഗ്രഹങ്ങളുമാണ്‌ ഓഷ്യന്‍സാറ്റിനൊപ്പം വിക്ഷേപിച്ചത്‌.

ഇന്ത്യയുടെ പതിനാറാമത്തെ റിമോട്ട്‌ സെന്‍സിങ്‌ ഉപഗ്രഹമാണ്‌ ഓഷ്യന്‍സാറ്റ്‌. സമുദ്ര പര്യവേഷണത്തിനായി ആദ്യം വിക്ഷേപിച്ച ഓഷ്യന്‍സാറ്റ്‌ 1 പത്ത്‌ വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ്‌ ഓഷ്യന്‍സാറ്റ്‌ രണ്ട്‌ വിക്ഷേപിച്ചത്‌. കാലാവസ്‌ഥാ പ്രവചനം, തീരദേശ പഠനം, മല്‍സ്യ സമ്പത്ത്‌ കണ്ടെത്തല്‍ തുടങ്ങിയവയാണ്‌ ഓഷ്യന്‍സാറ്റ്‌ 2ന്റെ പ്രധാന ദൗത്യങ്ങള്‍.

ഓഷ്യന്‍സാറ്റിനെ ബഹിരാകാശത്തെത്തിച്ച പിഎസ്‌എല്‍വി റോക്കറ്റിന്റെ പതിനാറാമത്തെ ദൗത്യമായിരുന്നു ബുധനാഴ്‌ചത്തേത്‌. 1993 ഏപ്രില്‍ മുതലുള്ള പതിനഞ്ച്‌ ദൗത്യങ്ങളില്‍ ഒരെണ്ണം മാത്രമാണ്‌ ഇതുവരെ പരാജയപ്പെട്ടത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X