വീരേന്ദ്രകുമാറും കൂട്ടരും യുഡിഎഫില്‍ ചേര്‍ന്നു

ഇതോടെ യുഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണം ഒന്‍പതായി. ഭാരത് ഹോട്ടലില്‍ മൂന്നുമണിക്കു തുടങ്ങിയ യോഗത്തിലേയ്‌ക്ക് മൂന്നേകാലോടെയാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ദള്‍ നേതാക്കള്‍ എത്തിയത്.
യോഗത്തില്‍ ദളിന്റെ പ്രവേശനം സംബന്ധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ആദ്യം ചര്‍ച്ച ചെയ്‌തു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ കെഎം മാണി, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ അംഗങ്ങളായുള്ള ഉപസമിതിയാണ് ജനതാദളിനെ മുന്നണിയിലെടുക്കുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
യോഗം ഈ നിര്‍ദ്ദേശം ഏകകണ്‌ഠേന അംഗീകരിച്ചു. തുടര്‍ന്ന് ജനതാദള്‍ നേതാക്കളെ തീരുമാനം അറിയിക്കുകയും യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയുമായിരുന്നു.
വീരേന്ദ്രകുമാറിനെക്കൂടാതെ കെ കൃഷ്‌ണന്‍കുട്ടി, ഡോക്ടര്‍ വര്‍ഗീസ് ജോര്‍ജ്ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനെത്തിയ ഇവരെ യുഡിഎഫ് നേതാക്കള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
തുടര്‍ന്ന് വീരേന്ദ്രകുമാര്‍ രജിസ്‌റ്ററില്‍ ഒപ്പുവച്ചു. ഇതോടെ ഔദ്യോഗികമായി ദള്‍ യുഡിഎഫിന്റെ ഭാഗമായി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ജനതാദളിനെ മുന്നണിയിലേക്ക് ഔപചാരികമയാ സ്വാഗതം ചെയ്‌തു.
ഇതൊരു ചരിത്രമുഹൂര്‍ത്തമാണെന്നാണ് ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ചത്. ജനതാദളിന്റെ യുഡിഎഫ് പ്രവേശം യുഡിഎഫിന് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെയും അവര്‍ നയിക്കുന്ന മുന്നണിയുടെയും ധാര്‍ഷ്ട്യത്തിന് എതിരെ പോരാടിക്കൊണ്ടാണ് ജനതാദള്‍ യുഡിഎഫിലേയ്‌ക്ക് വരുന്നതെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications