ഫയല്‍ക്കൂനയെക്കുറിച്ച് തരൂരിന്റെ ട്വീറ്റ്

തന്റെ മേശമേല്‍ കെട്ടിക്കിടക്കുന്ന ഫയല്‍ കൂമ്പാരത്തെക്കുറിച്ചുള്ളതാണ് തരൂരിന്റെ പുതിയ ട്വീറ്റ്. ജോലിഭാരത്തെക്കുറിച്ചും അദ്ദേഹം ഫലിതരൂപേണ പറയുന്നുണ്ട് .
ബുധനാഴ്‌ച പുലര്‍ച്ചെ പോസ്‌റ്റ് ചെയ്‌ത ട്വീറ്റിലാണ് ജോലിഭാരത്തെക്കുറിച്ച് തരൂര്‍ പറയുന്നത്. വിദേശയാത്ര നടത്തിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞാണ് അടുത്ത ദിവസത്തെ 17 കൂടിക്കാഴ്‌ചകളെക്കുറഇച്ചും മറ്റ് ഔദ്യോഗിക പരിപാടികളെക്കുറിച്ചും അദ്ദേഹം പറയുന്നത്.
ഒരാഴ്‌ച ലൈബീരിയയില്‍ ആയിരുന്ന സമയത്ത് ഓഫീസില്‍ ഫയലുകള്‍ കുന്നുകൂടിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ലൈബീരിയയിലും ഖാനയിലുമായി ആറു ദിവസം സന്ദര്‍ശനം നടത്തിയശേഷം തിങ്കളാഴ്‌ചയാണ് തരൂര്‍ മടങ്ങിയെത്തിയത്.
ലൈബീരിയന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം നടത്തിയ കന്നുകാലി ക്ലാസ് പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും വിവാദത്തിനും കാരണമായിരുന്നു.
വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും കണ്ട് കന്നുകാലി പരാമര്‍ശത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കന്നുകാലി ക്ലാസ് വിവാദം തീര്‍ന്നതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഇതിനോടൊപ്പം തന്നെ വിവാദമായേക്കാവുന്ന പരാമര്‍ശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഹൈക്കമാന്റ് തരൂരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്.
കന്നുകാലി ക്ലാസ് പരാമര്‍ശം വിവാദമായതോടെ തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ഫോളോവേഴ്‌സിന്റെ ഒഴുക്കായിരുന്നു. വ്യാഴാഴ്‌ച കാലത്ത് 9.30വരെ 219,754 പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നത്.












Click it and Unblock the Notifications