ഹലോ പൊലീസ് പദ്ധതി തുടങ്ങി
തിരുവനന്തപുരം: കേരളാ പൊലീസിനെ മൊബൈല്‍ ഫോണ്‍ വഴി ബന്ധിപ്പിക്കുന്ന ഹലോ പൊലീസ് പദ്ധതിക്ക് തുടക്കമായി. ഇതിനായി പ്രത്യേക നമ്പറുകളാണ് നല്‍കിയിരിക്കുന്നത്.
ഈ നമ്പറുകളിലേയ്‌ക്കുള്ള കോളുകളും എസ്‌എംഎസുകളും സൗജന്യമായിരിക്കും. പൊലീസ് സഹായം ആവശ്യമായി വരുന്ന ഏത് പൗരനും ഏത് സമയത്തും ബന്ധപ്പെടാനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്.
ലോക്കല്‍ സ്‌റ്റേഷനുകളിലെ സബ് ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരെയും ഹെഡ് കോണ്‍സ്‌റ്റബിള്‍മാരെയും പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിക്കാന്‍ കഴിയും.
പുതിയ സിംകാര്‍ഡ് ഉപയോഗിച്ച് പൊലീസിനെ ആദ്യം വിളിച്ച് പദ്ധതി ഉത്‌ഘാടനം ചെയ്‌തത് നിയമമന്ത്രി എം വിജയകുമാറാണ്. കാസര്‍കോട് എസ്‌ഐയെ വിളിച്ചുകൊണ്ടാണ് അദ്ദേഹം ഉത്‌ഘാടനം നിര്‍വ്വഹിച്ചത്.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹലോ പൊലീസ് പദ്ധതിയുടെ ആദ്യ ഘട്ടമായി 15222 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബിഎസ്‌എന്‍എലിന്റെ സൗജന്യ സിംകാര്‍ഡുകള്‍ നല്‍കുന്നത്. ഇതിലെ എല്ലാ നമ്പറുകളിലേയ്‌ക്കും പരസ്‌പരം വിളിക്കുന്നത് തികച്ചും സൗജന്യമായിരിക്കും.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉള്‍പ്പെടെ സ്ഥാപിച്ചിരിക്കുന്ന 1500 ലാന്റ് ഫോണുകളിലേയ്‌ക്കും ഇവയില്‍ നിന്നും സൗജന്യമായി വിളിക്കാം. കൂടാതെ ഓരോ പൊലീസുകാരനും ഇഷ്ടമുള്ള രണ്ട് ബിഎസ്‌എന്‍എല്‍ മൊബൈല്‍ നമ്പറുകളിലേയ്‌ക്കും സൗജന്യമായി വിളിക്കാം.
എസ്‌പി മുതല്‍ ഡിജിപി വരെയുള്ളവരുടെ കണക്ഷനുകള്‍ക്ക് പ്രതിമാസം 800 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മറ്റു കണക്ഷനുകള്‍ക്ക് 112 രൂപ വീതം നല്‍കും.
ഇതില്‍ക്കൂടുതല്‍ വിളിക്കുന്നവര്‍ സ്വന്തം ചെലവില്‍ ഫോണില്‍ കാശിടണം. രണ്ടുഘട്ടങ്ങളിലായി സംസ്ഥാനത്തെ എല്ലാ പൊലീസുകാര്‍ക്കും ഈ സൗകര്യം നല്‍കുമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐജി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.












Click it and Unblock the Notifications