ലാവലിന്‍: അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചു

ഒന്നാം പ്രതി കെ മോഹനചന്ദ്രന്‍, മൂന്നാം പ്രതി ആര്‍ ശിവാനന്ദന്‍, അഞ്ചാം പ്രതി പി.എ സിദ്ദാര്‍ഥമേനോന്‍, എട്ടാം പ്രതി എ ഫ്രാന്‍സിസ്, നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് കോടതിയില്‍ എത്തിയത്. ഇവര്‍ക്ക് അഞ്ചുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യം മൂലമാണ് ഹാജരാകാന്‍ കഴിയാത്തതെന്ന് പിണറായിയുടെ അഭിഭാഷകന്‍ എം.കെ ദാമോദരന്‍ കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ ഇപ്പോള്‍ തുടങ്ങരുതെന്ന് എം.കെ ദാമോദരന്‍ വാദിച്ചു.
എല്ലാ പ്രതിളും വ്യാഴാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജൂണില്‍ സമന്‍സ് അയച്ചിരുന്നു. ഏഴ് പ്രതികള്‍ക്കുള്ള സമന്‍സ് സിബിഐ തന്നെയാണ് കൈമാറിയിട്ടുള്ളത്.
ലാവലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലോഡ് ട്രയന്റിനും കമ്പനിക്കുമുള്ള സമന്‍സ് ഇന്റര്‍പോള്‍ വഴിയാണ് കൈമാറേണ്ടത്. അതിനായി കാനഡയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയും സഹായം വേണം. ക്ലോഡ് ട്രയന്റ് ഇപ്പോള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കമ്പനിയുടെ വൈസ് പ്രസിഡന്റുസ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.
മുന്‍ വൈദ്യുതി മന്ത്രി ജി. കാര്‍ത്തികേയന്‍, മുന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗം ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് എതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രതിസ്ഥാനത്തുനിന്ന് അവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇവരുടെ കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സിബിഐ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് ഉത്തരവിട്ടിരുന്നു. അതനുസരിച്ച് കാര്‍ത്തികേയനെ സിബിഐ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് താമസിയാതെ കോടതിയില്‍ നല്‍കും.
മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. മോഹനചന്ദ്രന്‍, മുന്‍ ബോര്‍ഡ് അംഗം കെ.ജി രാജശേഖരന്‍ നായര്‍, മുന്‍ ചെയര്‍മാന്‍മാരായ പി.എ സിദ്ധാര്‍ഥ മേനോന്‍, ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, ലാവലിന്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രയന്റ്, ലാവലിന്‍ കമ്പനി എന്നിവരാണ് കേസിലെ പ്രതികള്‍.












Click it and Unblock the Notifications