മായാവതിക്ക് തലവേദനയായി രാഹുല്‍ വീണ്ടും
ശ്രാവസ്‌തി(ലഖ്‌നൊ): കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാറിന് വീണ്ടും തലവേദനയുണ്ടാക്കുന്നു.
ബുധനാഴ്‌ച സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ രാഹുല്‍ ലഖ്‌നൊവിലെത്തി ശ്രാവസ്‌തിയിലെ ഒരു ഗ്രാമത്തിലെ ദളിത് ഭവനത്തില്‍ അന്തിയുറങ്ങി.
ദളിതരെ ആകര്‍ഷിക്കാനായി രാഹുല്‍ നടത്തുന്ന ഈ ശ്രമങ്ങള്‍ സുരക്ഷാ ലംഘനമാണെന്നാണ് മായാവതിയുടെ ആരോപണം. സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് രാഹുല്‍ ഗ്രാമത്തിലെത്തി ദളിത് കര്‍ഷകന്റെ വീട്ടിന്റെ മുറ്റത്ത് അന്തിയുറങ്ങിയത്.
ശ്രാവസ്‌തിയിലെ കര്‍ഷകഭവനത്തില്‍ രാത്രി എട്ടരയോടെയാണ് രാഹുല്‍ എത്തിയത്. താനിന്നിവിടെയാണ് ഉറങ്ങുന്നതെന്ന് രാഹുല്‍ പറയുന്നത് കേട്ട് കര്‍ഷകന്‍ സ്‌തബ്ധനായി. ഒടുവില്‍ ഗ്രാമീണരുമായുള്ള രാഹുലിന്റെ ചര്‍ച്ചകള്‍ക്ക് ശേഷം കര്‍ഷകന്‍ രാഹുലിന് ഉറങ്ങാന്‍ സജ്ജീകരണങ്ങള്‍ ചെയ്‌തു.
വ്യാഴാഴ്‌ച ഉറക്കമുണര്‍ന്ന രാഹുല്‍ തുറസ്സായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പൊതു പൈപ്പില്‍ നിന്നും വെള്ളമെടുത്ത് ഒരു ഓപ്പണ്‍ എയര്‍ കുളിയും നടത്തി ഒരു കപ്പ് ചായയും ബിസ്‌കറ്റും കഴിച്ച് കര്‍ഷഭവനത്തില്‍ നിന്നും യാത്രതിരിച്ചു.
കിഴക്കന്‍ യുപിയിലെ ദാരിദ്ര്യവും വികസനപ്രശ്‌നങ്ങളും വിലയിരുത്താനാണ് രാഹുല്‍ രഹസ്യ സന്ദര്‍ശനം നടത്തിയതെന്നാണ് യുപി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ സുരക്ഷാചട്ടലംഘനം നടത്തിയെന്നാണ് സര്‍ക്കാറിന്റെ ആരോപണം.
എസ്‌പിജി സംരക്ഷണം ലഭിക്കുന്ന വ്യക്തിയാണ് രാഹുല്‍. സംസ്ഥാന ഭരണകൂടത്തെ അറിയിക്കാതെ സന്ദര്‍ശനം നടത്തിയത്‌് ചട്ടലംഘനമാണെന്ന് പറയുന്ന അധികൃതര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ ആര് സമാധാനം പറയുമെന്നാണ് ചോദിക്കുന്നത്.
എന്നാല്‍ രാഹുലിന്റെ സുരക്ഷാ പ്രശ്‌നമല്ല സംസ്ഥാനത്തെ ദളിതരെയും മറ്റു ദുര്‍ബലവിഭാഗങ്ങളെയും അദ്ദേഹം ആകര്‍ഷിക്കുന്നുമെന്നതാണ് മായാവതിയുടെ ഭയത്തിനും രോഷത്തിനും കാരണമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്.
എന്തായാലും രാഹുല്‍ നടത്തിയ ചട്ടലംഘനം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications