തീവ്രവാദം നിലക്കാതെ ചര്‍ച്ച വിജയിക്കില്ല

പാകിസ്‌താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയുമായി നടത്തിയ ചര്‍ച്ചയിലാണ് വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്‌ണ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. അതേ സമയം, തീവ്രവാദത്തെ നേരിടാന്‍ നടപടി സ്വീകരിച്ച് വരികയാണെന്നും മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്‌ടുവരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും ഖുറേഷി ഇന്ത്യക്ക് ഉറപ്പ് നല്‍കി.
ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്‌ച ഒന്നര മണിക്കൂറിലേറെ നീണ്ടു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് മന്ത്രിതല ചര്‍ച്ച നടന്നത്. ബലൂചിസ്ഥാന്‍ വിഷയം ചര്‍ച്ചയില്‍ കടന്നുവന്നില്ല.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്‌താന്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്‌തതായും ഇവരുടെ വിചാരണ ഒക്‌ടോബറില്‍ ആരംഭിക്കുമെന്നും ഖുറേഷി അറിയിച്ചു. വിചാരണയ്‌ക്ക് യുക്‌തിഭദ്രമായ ഒരു പരിസമാപ്‌തിയാണ് പാക്കിസ്‌ഥാന്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്‌ഥാന്‍ നടത്തുന്ന വിചാരണ നടപടികള്‍ ഇന്ത്യ പ്രത്യേകമായി നിരീക്ഷിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ പിന്നീട് വ്യ്‌കതമാക്കി. മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിചാരണ നടപടികള്‍ ഒക്‌ടോബര്‍ മൂന്നിന് ആരംഭിക്കുമെന്ന ഖുറേഷി പറഞ്ഞതിന് മറുപടിയായാണ് എസ്‌എം കൃഷ്‌ണ ഇക്കാര്യം വ്യക്‌തമാക്കിയത്. മുംബൈ ആക്രമണം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കോ വിചാരണയ്‌ക്കോ പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇന്ത്യ മുന്നോട്ടുവച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പ്രകടമായ ഫലം കണ്ടെത്താനാകണമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും എസ്‌എം കൃഷ്‌ണ പറഞ്ഞു.












Click it and Unblock the Notifications