അദ്വാനി രാഷ്ട്രീയം വിടാന്‍ ആലോചിക്കുന്നു?
ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി സജീവ രാഷ്ട്രീയരംഗത്ത് നിന്നും വിരമിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും രണ്ടാംനിര നേതാക്കളില്‍ നിന്നും ഒളിയമ്പുകളായി ഈയാവശ്യം ഉയരുന്നതിനിടെയാണ് ഉഡുപ്പിയിലെ സ്വാമി വിശ്വേശ്വര തീര്ത്ഥയുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അദ്വാനി തന്റെ മനസിലിരുപ്പ് വെളിപ്പെടുത്തിയത്.
എന്നാല്‍ ആര്‍എസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധംപുലര്‍ത്തുന്ന വിശ്വേശ്വരതീര്‍ത്ഥ, തത്കാലത്തേക്ക് അദ്വാനി സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. അദ്വാനി സജീവ രാഷ്ട്രീയം വിടാന്‍ ആഗ്രഹിയ്ക്കുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത് സ്വാമി തന്നെയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ഉടനെ വാര്‍ത്ത നിഷേധിച്ചു കൊണ്ട് ബിജെപി രംഗത്തെത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിലെ ഉള്‍പ്പോരുകളും നേതാക്കളുടെ പുറത്തു പോകലുമെല്ലാം ബിജെപിയില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിയ്ക്കുകയാണ്. ഇതിനിടെയാണ് സജീവ രാഷ്ട്രീയം ഉപേക്ഷിയ്ക്കാന്‍ അദ്വാനി ആലോചിച്ചിക്കുന്നത്.