അഭയ: പ്രതിഭാഗം കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു
കൊച്ചി: അഭയ കേസ് മനപൂര്‍വം വൈകിയ്‌ക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് എറണാകുളം സിജെഎം കോടതി. കേസിലെ പ്രതികളിലൊരാളായ ജോസ് പൂതൃക്കയിലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പ്രതിഭാഗത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
കേസിന്റെ തുടര്‍ നടപടികള്‍ക്കായി ചേരുന്ന എല്ലാ സമയത്തും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുന്ന പ്രതിഭാഗത്തിന്റെ നടപടി കേസ് വൈകിയ്‌ക്കുന്നതിനേ സഹായിക്കൂവെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.
കേസ് ഡയറി നല്‍കണമെന്ന ഒന്നാം പ്രതി തോമസ് എം കോട്ടൂരിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ഡയറി നല്‍കാനാവില്ലെന്നും ഇത് അതീവ രഹസ്യമായ വിവരങ്ങള്‍ അടങ്ങുന്നതാണെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കേസ് ഡയറി പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കിയത്.
അഭയയുടെ മൃതദേഹത്തിന്റെയും മറ്റും സ്വകാര്യ ഫോട്ടോകളും പൊലീസ് എടുത്ത ചിത്രങ്ങളും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കാലപ്പഴക്കം മൂലം ഈ ഫോട്ടോകളുടെ പ്രിന്റുകളും നെഗറ്റീവുകളും മോശമായിട്ടുണ്ടാവും. കേസ് അന്വേഷിയ്‌ക്കുന്ന സിബിഐ ഈ ചിത്രങ്ങള്‍ പ്രധാന തെളിവായി പരിഗണിയ്‌ക്കുന്നില്ലെന്ന വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ പ്രതികളുടെ ആവശ്യം അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്നും സിജെഎം കോടതി വ്യക്തമാക്കി. കേസ് അടുത്തമാസം അഞ്ചിലേയ്‌ക്ക് പരിഗണിയ്‌ക്കുന്നതിനായി മാറ്റി.












Click it and Unblock the Notifications