എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു

പൈലറ്റുമാരുടെ ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പ്രത്യേക സമിതി രൂപീകരിയ്‌ക്കാമെന്ന് എയര്‍ ഇന്ത്യ മാനേജ്‌മേന്റ് സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. സമരം മൂലം യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പരിഗണിയ്‌ക്കുന്നു. ശമ്പളം വെട്ടിക്കുറച്ച് കൊണ്ടുള്ള യാതൊരു തീരുമാനവും അംഗീകരിയ്‌ക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.
സമരം എത്രയും വേഗം അവസാനിപ്പിയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് പൈലറ്റുമാര്‍ രാജ്യവ്യാപകമായി നടത്തിയ സമരം മൂലം ഒട്ടേറെ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. സമരത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച മാത്രം രാജ്യമൊട്ടാകെ രാജ്യാന്തര-ആഭ്യന്തര വിഭാഗങ്ങളിലായി 80 ഓളം സര്‍വ്വീസുകള്‍ റദ്ദാക്കേക്കേണ്ടി വന്നു. നാലുദിവസം കൊണ്ട് റദ്ദാക്കിയതു 430 സര്‍വീസുകളാണ്. കോടികളുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്‌ക്ക് ഇതിലൂടെ ഉണ്ടായത്.
ഷെഡ്യൂളുകള്‍ മുന്‍കൂട്ടി പറയാതെ റദ്ദാക്കിയത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ സംഘര്‍ഷത്തിനും കാരണമായി. ഇതേ തുടര്‍ന്ന് 15 ദിവസത്തേക്ക് ബുക്കിങ് നിര്‍ത്തിവെയ്‌ക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
ബുധനാഴ്‌ച ജോലിക്ക് കയറിയില്ലെങ്കില്‍ പൈലറ്റുമാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്‌ക്കുന്നതിന് മാനേജ്‌മെന്റിനു സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ വിമാന സര്‍വ്വീസുകള്‍ നാളെയോടെ സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നത്.












Click it and Unblock the Notifications