Get Updates
Get notified of breaking news, exclusive insights, and must-see stories!

തേക്കടിയില്‍ ബോട്ട് മറിഞ്ഞു

Boat with80 passengers sinks in Thekkady
തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി ഉയര്‍ന്നു. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും വലിയ ബോട്ടപകടമായി തേക്കടി ദുരന്തം ഇതോടെ മാറിയേക്കും. 2002ല്‍ മുഹമ്മയിലുണ്ടായ ബോട്ടപകടത്തില്‍ 29 പേരാണ് മരിച്ചിരുന്നത്.

മരിച്ചവരില്‍ പേരില്‍ രണ്ടു പേര്‍ വിദേശികളാണെന്ന്‌ തിരിച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ ഏത്‌ രാജ്യക്കാരാണെന്ന്‌ അറിവായിട്ടില്ല. കൊല്‍ക്കത്ത, ദില്ലി, തമിഴ്‌നാട്‌ സ്വദേശികളും അപകടത്തില്‍ മരിച്ചതായി വ്യക്തമായിട്ടുണ്ട്‌. ബോട്ടില്‍ ഒട്ടേറെ വിദേശികളുണ്ടായിരുന്നെങ്കിലും ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നീന്തല്‍ അറിയാമെന്നത് ദുരന്തത്തിന്റെ വ്യാപ്തി ഒരു പരിധി വരെ കുറച്ചുവെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഇപ്പോഴും ഇരുപത്തിയാറോളം പേരെ കാണാനില്ലെന്നാണ് സംഭവസ്ഥലത്ത് നിന്ന് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍പ്പെട്ട 20 ഓളം പേരെ രക്ഷപ്പെടുത്തിയതായി വനം വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. 76 ഓളം പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്‌. സംഭവസ്ഥലത്തിന്‌ മുന്നൂറു മീറ്റര്‍ ചുറ്റളവില്‍ വനം വകുപ്പിന്റെ ഇടത്താവളമുണ്ട്‌. ഇടത്താവളം കേന്ദ്രീകരിച്ചാണ്‌ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്‌. രാത്രിയോടെ എത്തുന്ന നാല്‍പതംഗ നേവി മുങ്ങല്‍ വിദഗ്‌ധര്‍ തടാകത്തില്‍ തിരച്ചില്‍ നടത്തും. എന്നാല്‍ തടാകത്തിലെ കൊടുതണുപ്പിലും കനത്ത ഇരുട്ടിലും ഇവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും ചോദ്യമുയരുന്നുണ്ട്.
09:26 PM

തേക്കടി ബോട്ടപകടം; മരണം 26
തേക്കടിയില്‍ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ 26 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 76 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്. മരിച്ചവരില്‍ 8 സ്ത്രീകളും 4 പുരുഷന്‍മാരും 6 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്കെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുപ്പതോളം പേരെ രക്ഷപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. നേവി ഹെലികോപ്ടര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും സഹായങ്ങള്‍ക്കുമായി തിരുവനന്തപുരത്ത് കണ്‍ട്രോള്‍ തുറന്നിട്ടുണ്ട്.
08:28 PM

രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ ഹെലികോപ്ടര്‍ തേക്കടിയിലേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗം നേരത്തെ തിരിച്ച നാല്‍പതംഗ നേവി സംഘം ഒന്പത് മണിയോടെ സംഭവസ്ഥലത്ത് എത്തിച്ചേരുമെന്നാണ് കരുതുന്നത്. തലകീഴായി മറിഞ്ഞ ബോട്ടിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നുണ്ട്.
07:46 PM

മരണം 23 ആയി; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
വിദേശീയരടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മലയാളികള്‍ക്ക് പുറമെ കര്‍ണാടക, തമിഴ് നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. മരണസംഖ്യ 23 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മുങ്ങിയ ബോട്ട് കരയ്ക്കടുപ്പിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഇരുട്ട് പരന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുര്‍ഘടമായിട്ടുണ്ട്. ഉല്ലാസ യാത്രകഴിഞ്ഞ് മടങ്ങിവരികയായിരുന്ന സംഘം ആനക്കൂട്ടത്തെ കണ്ട് ഒരു ഭാഗത്തേക്ക് കൂട്ടത്തോടെ നീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.

മന്ത്രിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെപി രാജേന്ദ്രന്‍, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
07:41 PM

അപകടത്തില്‍ 22 മരണം സ്ഥിരീകരിച്ചു
തേക്കടി ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കേരളം കണ്ട ഏറ്റവും വലിയ ബോട്ടപകടങ്ങളിലൊന്നായി ഇതോടെ ഇത് മാറുമോയെന്നാണ് ഇപ്പോള്‍ ഏവരും ഭയക്കുന്നത്. അങ്ങയേറ്റം ദുഖകരമായ സംഭവമാണ് തേക്കടിയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടമറിഞ്ഞയുടന്‍ കേന്ദ്ര മന്ത്രി എകെ ആന്റണിയെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദനം ചെയ്തുവെന്നും വിഎസ് പറഞ്ഞു.

10 മരണം സ്ഥിരീകരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ടു
തേക്കടി അപകടത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വന്യമൃഗങ്ങളെ കാണാന്‍ യാത്രക്കാരെല്ലാം ഒരു ഭാഗത്തേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അതിനിടെ അപകടത്തില്‍ 10 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. തേക്കടി തടാകത്തിലെ കൊടും തണുപ്പും ചുറ്റുമുള്ള വനപ്രദേശങ്ങളും ഇരുട്ടുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിയ്ക്കുന്നുണ്ട്. അപകട സ്ഥലത്തേക്ക് കരമാര്‍ഗ്ഗം എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികളും വനംവകുപ്പ് അധികൃതരും അറിയിച്ചു.
07:19 PM

7 മരണം സ്ഥിരീകരിച്ചു ;13 പേര്‍ രക്ഷപ്പെട്ടു
തേക്കടി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന 13 പേരെ രക്ഷിച്ചിട്ടുണ്ട്. ബോട്ടിന്റെ മുകളിലുണ്ടായിരുന്നവരാണ് രക്ഷപ്പെട്ടവരെല്ലാം. 75 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ അതിനനുസരിച്ച യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കെടിഡിസി അധികൃതര്‍ പറഞ്ഞു. അടിയന്തര നടപടികള്‍ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിര്‍ദേഷം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും തേക്കടി, പെരിയാര്‍ ആശുപത്രികളിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
07:12 PM

നേവി മുങ്ങല്‍ വിദഗ്ധര്‍ തേക്കടിയിലേക്ക് തിരിച്ചു

തേക്കടി ബോട്ടപകടത്തില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണി കൊച്ചിയിലെ നാവിക കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ 50ഓളം നേവിക്കാര്‍ തേക്കടിയിലേക്ക് പുറപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാവിക സേന ഹെലികോപ്ടര്‍ എത്തിയ്ക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
06:58PM

അപകടമുണ്ടായത് വീതി കൂടിയ പ്രദേശത്ത്
അപകടത്തില്‍ ആറ്‌ പേരുടെ മരണം ഇടുക്കി എസ്‌പി കുട്ടപ്പായി സ്ഥിരീകരിച്ചിട്ടുണ്ട്‌. മുപ്പതോളം പേരെ കാണാതായിട്ടുണ്ടെന്നാണ്‌ പ്രാഥമിക വിവരം. തടാകത്തില്‍ ഏറ്റവും വീതി കൂടിയ സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിയ്ക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പത്തോളം പേരെ രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചിട്ടുണ്ട്‌. അവശനിലയിലായ പലരെയും സമീപത്തുളള ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടു പോയി.
06:48 PM

നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്

അപകട സ്ഥലത്തു നിന്നും രണ്ട് ചെറിയ കുട്ടികളുടെയും സ്ത്രീകളുടെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം എണ്‍പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നവെന്നാണ് ലഭിയ്ക്കുന്ന വിവരം. രാത്രി ആയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവിക സേനയുടെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
06:30PM

തേക്കടിയില്‍ ബോട്ട് മറിഞ്ഞു

തേക്കടി: തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ടു മറിഞ്ഞു. രണ്ട്‌ പേര്‍ മരിച്ചതായാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍. വിദേശികളടക്കം എണ്‍പതോളം പേര്‍ അപകട സമയത്ത്‌ ബോട്ടിലുണ്ടായിരുന്നുവെന്ന്‌ കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്‌ പറഞ്ഞു.

ഒരു മാസം മുമ്പ്‌ നീറ്റിലിറക്കിയ കെടിഡിസിയുടെ ജലകന്യക എന്ന ബോട്ടാണ്‌ മറിഞ്ഞത്‌. വൈകുന്നേരം 05.15 ഓടെയണ്‌ അപകടം.

ബോട്ട്‌ലാന്‍ഡിങ്ങില്‍ നിന്ന്‌ അരമണിക്കൂര്‍ അകലെ മണക്കവല എന്ന്‌ പറയുന്ന സ്ഥലത്താണ്‌ ബോട്ട്‌ മറിഞ്ഞത്‌. വന്യമൃഗങ്ങളെ കാണാന്‍ വേണ്ടി യാത്രക്കാരെല്ലാം പെട്ടെന്ന്‌ ഒരു ഭാഗത്തേക്ക്‌ നീങ്ങിയതോടെ ബാലന്‍സ്‌ തെറ്റി ബോട്ട്‌ മറിയുകയായിരുന്നുവെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. ബോട്ട്‌ തലകീഴായാണ്‌ മറിഞ്ഞു കിടക്കുന്നതെന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ബോട്ട്‌ ലാന്‍ഡിങ്ങില്‍ നിന്ന്‌ അരമണിക്കൂറോളം യാത്ര ചെയ്‌താല്‍ മാത്രമേ അപകട സ്ഥലത്തെത്താന്‍ കഴിയുകയുള്ളു. വൈകുന്നേരം നാല്‌ മണിയോടെയാണ്‌ ബോട്ട്‌ ലാന്‍ഡിങ്ങില്‍ നിന്നും ബോട്ട്‌ യാത്ര തിരിച്ചത്‌.

രക്ഷാപ്രവര്‍ത്തനത്തിനായി സ്‌പീഡ്‌ ബോട്ടുകള്‍ സംഭവസ്ഥലത്തേക്ക്‌ പോയിട്ടുണ്ട്‌. അപകടത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
06:10 PM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+