മന്ത്രിപുത്രിയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച
കൊല്ലം: മന്ത്രി പികെ ഗുരുദാസന്റെ മകളെയും ചെറുമകളെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി അഞ്ചുപവന്റെ താലിമാല കവര്‍ന്നു. മന്ത്രിയുടെ രണ്ടാമത്തെ മകളും കളക്ട്രേറ്റ് ജീവനക്കാരിയുമായ സീമയുടെ താലിമാലയാണ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോഷ്ടാവ് ഊരി വാങ്ങിയത്.
സീമയുടെ മകള്‍ നാലാംക്ലാസ് വിദ്യാര്‍ത്‌ഥിനി ആര്‍ദ്ര(10)യുടെ കഴുത്തില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. മോഷ്‌ടാവിന്റെ ആക്രമണത്തില്‍ ആര്‍ദ്രയ്‌ക്ക് നിസാര പരിക്കേറ്റു.
കൊല്ലം അഷ്‌ടമുടി മണപ്പുറത്ത് വടക്കേതില്‍ വീട്ടിലാണ് ചൊവ്വാഴ്‌ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെത്തിയ മോഷ്‌ടാവ് ഫ്യൂസ് ഊരിയതിനു ശേഷമാണ് അകത്ത് കയറിയത്. കറന്റ് പോയത് അന്വേഷിക്കുന്നതിനായി സീമ പുറത്തേക്കിറങ്ങുന്നതിനിടെയാണ് മോഷ്‌ടാവ് പത്തു വയസുള്ള മകള്‍ ആര്‍ദ്രയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയത്. സീമയുടെ ഭര്‍ത്താവ് ജ്യോതി ഈസമയം വീട്ടില്‍ ഇല്ലായിരുന്നു. മാല ഊരി മേടിച്ചതിന് ശേഷം മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സീമ നിലവിളിച്ചെങ്കിലും നാട്ടുകാരെത്തന്നതിന് മുമ്പ് മോഷ്ടാവ് രക്ഷപ്പെട്ടു. വീട്ടില്‍ നിന്നെടുത്ത കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് മോഷ്ടാവ് ഇരുവരെയും ഭീഷണിപ്പെടുത്തിയത്.
എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ മോഷ്‌ടാവിന്റെ മുഖം കൃത്യമായി തിരിച്ചറിഞ്ഞതായി സീമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവമറിഞ്ഞ് ചൊവ്വാഴ്‌ച രാത്രി തന്നെ മന്ത്രി വീട്ടിലെത്തി. ഇതേക്കുറിച്ച് ഉടന്‍ പ്രതികരിയ്‌ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം എസ്‌പി കെ സഞ്‌ജയ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഷ്‌ടമുടിയിലെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും അന്വേഷത്തിനെത്തി. അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications