സ്‌മാര്‍ട് സിറ്റി ബോര്‍ഡ് യോഗം ചേരുന്നു
തിരുവനന്തപുരം: സ്‌മാര്‍ട് സിറ്റി പദ്ധതിയുടെ ഭാവി തന്നെ തീരുമാനിയ്‌ക്കപ്പെട്ടേക്കാവുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ബുധനാഴ്‌ച തിരുവനന്തപുരത്ത് നടക്കും. ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബോര്‍ഡ് യോഗം വീണ്ടും ചേരുന്നത്. കോവളത്ത് ചേരുന്ന ബോര്‍ഡ് യോഗത്തിന് ശേഷം ടീകോം പ്രതിനിധികള്‍ വ്യാഴാഴ്‌ച ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തും.
ടീകോമിനു കീഴിലുള്ള സ്‌മാര്‍ട് സിറ്റി സംഘം നിബന്ധനകള്‍ക്കു വഴങ്ങുന്നില്ലെങ്കില്‍ പുതിയ പങ്കാളിയെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശമുയര്‍ന്നതും ഡിസംബര്‍ 31നകം തര്‍ക്കവിഷയങ്ങളില്‍ അന്തിമ തീരുമാനം വേണമെന്ന ടീകോമിന്റെ ഉറച്ച നിലപാടുകളുമാണ് രണ്ടു ദിവസത്തെ ചര്‍ച്ചകളെ നിര്‍ണായകമാക്കുന്നത്.
പദ്ധതി നടത്തിപ്പുകാരായ ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം മൂലമാണ് പദ്ധതി അനിശ്ചിതമായി നീളുന്നത്. പദ്ധതി പ്രദേശത്തെ 12 ശതമാനം ഭൂമിയില്‍ വില്‍പ്പനാവകാശം ഇല്ലാതെ സ്വതന്ത്രാവകാശം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് ടീകോം അധികൃതരും സമ്മതിച്ചതായാണ് ലഭ്യമാകുന്ന വിവരം. ടീകോമുമായി നേരത്തെ ഒപ്പുവച്ച പാട്ടക്കരാര്‍ രജിസ്‌ട്രേഷന്‍ നിയമപ്രകാരം റദ്ദായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില്‍പ്പനാവകാശം ഒഴികെയുള്ള സ്വതന്ത്രാവകാശ ഭൂമി അനുവദിക്കുന്നതു കൂടി ഉള്‍പ്പെടുത്തി പുതിയ കരാര്‍ ഒപ്പുവയ്‌ക്കുന്ന കാര്യത്തില്‍ ബുധനാഴ്‌ചത്തെ യോഗം തീരുമാനമെടുക്കും.
സ്‌മാര്‍ട് സിറ്റി ചെയര്‍മാന്‍ മന്ത്രി എസ് ശര്‍മ, സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍, ടീകോം ഫിനാന്‍സ് ഡയറക്‌റ്റര്‍ അനിരുദ്ധ ഡാങ്കെ, ലീഗല്‍ ഡയറക്ടര്‍ രവി ഗില്‍ ഐടി സെക്രട്ടറി ഡോ അജയ്‌കുമാര്‍, തുടങ്ങിയവര്‍ ഇന്നത്തെ ഡയറക്‌റ്റര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. നാളെ ചീഫ് സെക്രട്ടറി നീല ഗംഗാധരനുമായി സ്‌മാര്‍ട്‌സിറ്റി അധികൃതര്‍ ചര്‍ച്ച നടത്തും.












Click it and Unblock the Notifications