കശ്‌മീരികള്‍ക്ക് പ്രത്യേക ചൈനീസ് വിസ
ദില്ലി: ജമ്മു കശ്‌മീരിലെ ഇന്ത്യക്കാര്‍ക്ക് ചൈന പ്രത്യക വിസ നല്‍കുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിലെ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ മുദ്രണം ചെയ്‌ത വിസ നല്‍കുമ്പോള്‍ കശ്‌മീരികള്‍ക്ക് പ്രത്യേക കടലാസില്‍ വിസ നല്‍കുന്ന രീതിയാണ് ചൈന സ്വീകരിച്ചിരിയ്‌ക്കുന്നത്.
ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വാദത്തെ ചോദ്യം ചെയ്യാന്‍ പാകിസ്‌താന് വഴിയൊരുക്കുകയാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഏറെക്കാലമായി തുടരുന്ന അതിര്‍ത്തി തര്‍ക്ക വിഷയങ്ങളില്‍ ഇന്ത്യയെ പ്രതിരോധത്തിലാഴ്‌ത്തുകയെന്ന ലക്ഷ്യം കൂടി ചൈനയ്‌ക്കുണ്ടെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. കശമീരിന് മേല്‍ നിരന്തരം അവകാശം ഉന്നയിക്കുന്ന പാകിസ്‌താന്‍ ചൈനയുടെ ഏറ്റവുമടുത്ത സുഹൃദ് രാജ്യങ്ങളിലൊന്നാണ്.
എന്ന് മുതല്‍ക്കാണ് ഇത്തരം വിസകള്‍ ചൈന നല്‍കിത്തുടങ്ങിയതെന്ന് വ്യക്തമല്ല. അതേ സമയം ഇത്തരം വിസകള്‍ നിയമാനുസൃതമാണെന്ന് ചൈനീസ് എംബസി വക്താവ് പറഞ്ഞു.
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രണ്ടു തരം വിസ നല്‍കുന്ന ചൈനയുടെ നടപടിയോട് ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ വിസ അനുവദിക്കാന്‍ പാടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് വിഷ്‌ണു പ്രകാശ് പറഞ്ഞു. ഇക്കാര്യത്തിലുള്ള ഉത്‌കണ്‌ഠ ചൈനീസ് സര്‍ക്കാരിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications