സ്‍മാര്‍ട് സിറ്റി: ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
തിരുവനന്തപുരം: സ്‌മാര്‍ട് സിറ്റി പദ്ധതി നടത്തിപ്പുകാരായ ടീകോം പ്രതിനിധികളും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. സ്‌മാര്‍ട്ട് സിറ്റി ഭൂമിയുടെ 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന കാര്യത്തിലാണ് സര്‍ക്കാരും കമ്പനിയും തമ്മില്‍ തര്‍ക്കമുള്ളത്. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ നീക്കുപോക്കുകള്‍ സംബന്ധിച്ച് തീരുമാനമായില്ല.
പദ്ധതി പ്രദേശത്തെ 12 ശതമാനം ഭൂമിക്ക് സ്വതന്ത്രാവകാശം നല്‍കാന്‍ തയാറാണെങ്കിലും ഭൂമി ഐടി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിന്‍ മേല്‍തട്ടിയാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നാണ് സൂചന.
സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി നീലഗംഗാധരന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, ഐടി സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടീകോം പ്രതിനിധികള്‍ക്ക് വേണ്ടി സിഇഒ ഫരീദ് അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ സന്നിഹിതരായി.
കഴിഞ്ഞദിവസം സ്‌മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം നടന്ന യോഗത്തിനൊടുവില്‍ സര്‍ക്കാരിന് പദ്ധതിയുടെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണെന്ന് ഫരീദ് അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അടുത്ത ചര്‍ച്ച എന്ന് നടത്തുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications