കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധത്തിന്റെ ചങ്ങലയില്‍ ലക്ഷങ്ങള്‍ കണ്ണികളായി

Google Oneindia Malayalam News

Pinarayi, VS And Karat
തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക മേഖയെ തകര്‍ക്കുന്ന ആസിയാന്‍ കരാര്‍ അറബിക്കടലിലെറിയാന്‍ ആവശ്യപ്പെട്ട്‌ സിപിഎം സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ ലക്ഷങ്ങള്‍ കണ്ണികളായി. സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പുറമെ സംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചങ്ങലയില്‍ പങ്കു ചേര്‍ന്നു. കാസര്‍കോട്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍ പിള്ള ആദ്യകണ്ണിയും തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അവസാന കണ്ണിയുമായി. മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരും തിരുവനന്തപുരത്തെ ചങ്ങലില്‍ കണ്ണികളായി. മറ്റുളള നേതാക്കള്‍ ജില്ലാതലത്തില്‍ കണ്ണികളായി.

തേക്കടി ബോട്ട്‌ ദുരന്തത്തില്‍ മരിച്ചവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ രണ്ട്‌ നിമിഷം മൗനം ആചരിച്ചതിന്‌ ശേഷം ആസിയാന്‍ കരാറിനെതിരെ പ്രതിജ്ഞ എടുത്തു കൊണ്ടാണ്‌ അറുന്നൂറ്റിയമ്പത്‌ കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ചങ്ങല രൂപം കൊണ്ടത്‌. പലയിടങ്ങളിലും ശക്തമായ മഴ പെയ്‌തെങ്കിലും അതൊന്നും കാര്യമാക്കാതെ ജനങ്ങള്‍ പ്രതിഷേധച്ചങ്ങലയില്‍ അണിചേരാനെത്തിയത്‌. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ജനതയെ ചങ്ങലയില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടുവെന്ന്‌ തന്നെയാണ്‌ ആദ്യം ലഭിയ്‌ക്കുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്‌.

ആസിയാന്‍ കരാറിലൊപ്പിടുക വഴി കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുവെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. സംസ്ഥാനങ്ങളെ ബാധിയ്‌ക്കുന്ന വിഷയമായിട്ടും കാര്‍ഷിക മേഖലയെ ബാധിക്കുന്ന കരാറില്‍ കേന്ദ്രം ഏകപക്ഷീയമായി ഒപ്പുവച്ചുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ആസിയാന്‍ കരാറിനെതിരായ മനുഷ്യചങ്ങല ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്‌തിട്ടേ ആസിയാന്‍ കരാറില്‍ ഒപ്പിടുകയുള്ളൂവെന്ന്‌ പ്രധാനമന്ത്രി നല്‍കിയ വാക്കു പാലിക്കപ്പെട്ടില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കരാര്‍ വഴി വിറ്റഴിയ്‌ക്കാനെത്തുന്ന ഉത്‌പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും പിണറായി വിജയന്‍ നല്‍കി. ആസിയാന്‍ കാരാറിനെക്കുറിച്ച്‌ പഠിക്കാന്‍ രൂപീകരിച്ച ഉപസമിതി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ ഉത്‌കണ്‌ഠ കേന്ദ്രം ഒട്ടും പരിഗണിച്ചില്ലെന്ന്‌ മുഖ്യമന്ത്രി വിഎസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. കൃഷി, മത്സ്യ വ്യവസായങ്ങളെ ബാധിക്കുന്ന വിധത്തിലാണ്‌ കരാറിന്റെ നയം. മനുഷ്യചങ്ങല വഴിയുളള കേരളം ഉയര്‍ത്തുന്ന പ്രതിഷേധം കണക്കിലെടുത്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വയനാട്‌, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അനുബന്‌ധ ചങ്ങലകളാണ്‌ തീര്‍ത്തത്‌. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മനുഷ്യച്ചങ്ങല രൂപീകരിയ്‌ക്കില്ലെന്ന്‌ സിപിഎം നേരത്തെ അറിയിച്ചിരുന്നു.
മന്ത്രിമാരായ എംഎ ബേബി, പികെ ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തും, തോമസ്‌ ഐസക്ക്‌ ആലപ്പുഴയിലും, കോടിയേരി ബാലകൃഷ്‌ണന്‍, എംസി ജോസഫൈന്‍ എന്നിവര്‍ എറണാകളത്തും, പി.കെ.ശ്രീമതി തൃശൂരിലും പങ്കെടുത്തു. ടിശിവദാസ മേനോന്‍, എക.ബാലന്‍ എന്നിവര്‍ പാലക്കാട്ടും, പാലോളി മുഹമ്മദ്‌ കുട്ടിയും എവിജയരാഘവനും മലപ്പുറത്തും, വി.വി.ദക്ഷിണാമൂര്‍ത്തി കോഴിക്കോട്ടും, ഇ.പി.ജയരാജനും, എംവി ഗോവിന്ദന്‍മാസ്‌റ്ററും കണ്ണൂരിലും, പി കരുണാകരന്‍ കാസര്‍കോട്ടും കണ്ണികളായി.

വന്‍ജന പങ്കാളിത്തമുള്ള പരിപാടികള്‍ സംഘടിപ്പിയ്‌ക്കുന്നതിലുള്ള സിപിഎമ്മിന്റെ മികവ്‌ ഒരിയ്‌ക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു മനുഷ്യച്ചങ്ങല. സമീപകാലത്ത്‌ സിപിഎം സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടി കൂടിയായി മനുഷ്യച്ചങ്ങല മാറി.

ആഭ്യന്തര പ്രശ്‌നങ്ങളിലും പലവിധ ആരോപണങ്ങളിലും അടുത്തകാലത്ത്‌ ആടിയുലഞ്ഞ സിപിഎം നേതൃത്വത്തിന്‌ തങ്ങളുടെ പാര്‍ട്ടി മെഷീനറിയ്‌ക്ക്‌ ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്ന്‌ തെളിയിക്കാനുള്ള വേദി കൂടിയാക്കി മാറ്റാന്‍ മനുഷ്യച്ചങ്ങലയിലൂടെ കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X