ബോട്ടിന് തകരാറില്ല;ജീവനക്കാരെ സസ്‌പെന്റ് ചെയ്‌തു
ഇടുക്കി: നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ച് ചീഫ് ബോട്ട് ഇന്‍സ്‌പെക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ടിന് സാങ്കേതിക തകരാറുകള്‍ ഒന്നുമില്ലായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വന്യമൃഗങ്ങളെ കാണുന്നതിന് സഞ്ചാരികള്‍ ബോട്ടിന്റെ ഒരു വശത്തും കേന്ദ്രീകരിച്ചതും കാറ്റുപിടിച്ചതും പെട്ടെന്ന് തിരച്ചിതിലെ അപാകതകളുമാകം അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തടാകത്തിലെ മരക്കുറ്റികളില്‍ തട്ടി ബോട്ട് മറിയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മരക്കുറ്റിയില്‍ തട്ടിയതിന്റെ പാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അപകടത്തിന് ഡ്രൈവറുടെ പിഴവും കാരണമായിരിയ്‌ക്കാമെന്ന് സൂചിപ്പിയ്‌ക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോട്ടിലെ ജീവനക്കാരായ ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍, ലാസ്‌ക്കര്‍ അനീഷ് എന്നിവരെ സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്.
ബോട്ടിന്റെ നിര്‍മാണത്തില്‍ അപാകതകളൊന്നുമില്ലെന്ന് ചീഫ് ബോട്ട് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐആര്‍എസിന്റെ മേല്‍നോട്ടത്തിലാണ് ബോട്ട് നിര്‍മ്മിച്ചത്. 25 പേരില്‍ കൂടുതല്‍ യാത്രക്കാര്‍ കയറുന്ന ബോട്ടുകള്‍ നിര്‍മ്മിയ്‌ക്കുമ്പോള്‍ ഐആര്‍എസിന്റെ മേല്‍നോട്ടം വേണമെന്നാണ് നിയമം. ഐഐടിയിലെ അനന്ത സുബ്രമണ്യം തയാറാക്കിയ ഡിസൈന്റെ മാതൃകയിലാണ് ബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications