പെട്ടെന്ന് ബോട്ട് തിരിച്ചത് അപകടത്തിന് കാരണം
ഇടുക്കി: തേക്കടിയില്‍ കെടിഡിസിയുടെ ജലകന്യക ബോട്ട് അപകടത്തില്‍ പെടാന്‍ കാരണം ഡ്രൈവറുടെ വീഴ്‌ചയാണെന്ന് ബോട്ടിലെ ലാസ്‌ക്കറായി പ്രവര്‍ത്തിയ്‌ക്കുന്ന അനീഷ് പൊലീസിന് മൊഴി നല്‍കി.
ബോട്ടു പെട്ടെന്ന് വലതുവശത്തേക്കു തിരിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് അനീഷ് പറഞ്ഞു.. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്‌പി വല്‍സനു മുമ്പാകെയാണ് ലസ്‌കര്‍ അനീഷ് മൊഴി നല്‍കിയത്. മൃഗങ്ങളെ കാണാനായി യാത്രക്കാര്‍ ഒരു വശത്തേക്ക് കൂട്ടത്തോടെ നീങ്ങിയതാണ് അപകട കാരണമെന്ന ഡ്രൈവറിന്റെ വെളിപ്പെടുത്തലിന് വിരുദ്ധമാണ് അനീഷിന്റെ മൊഴി.
ഡ്രൈവര്‍ വിക്‌ടര്‍ സാമുവലിനെയും ലസ്‌കര്‍ അനീഷിനെയും അന്വേഷണവിധേയമായി കെടിഡിസി സസ്‌പെന്‍ഡു ചെയ്‌തിരുന്നു. ആളുകള്‍ ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടകാരണമെന്ന് വിക്‌ടര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
അപകടത്തില്‍ നിന്നു രക്ഷപെട്ടവരുടെ മൊഴി ഇനിയെടുക്കാനുണ്ടെന്നും അതിനു ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
അതിനിടെ അപകടത്തില്‍ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി ഒരു മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ഹൈദരാബാദ് സ്വദേശിനി അപൂര്‍വ(15)യുടെ മൃതദേഹമാണ് അവസാനമായി ലഭിച്ചത്. ശനിയാഴ്ച രാവിലെ തിരച്ചില്‍ ആരംഭിച്ചയുടന്‍ ഐശ്വര്യ (4), ഐശ്വര്യയുടെ അമ്മ സെന്തില്‍കുമാരി (36) എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച തന്നെ എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറും. ഹൈദരാബാദ് സ്വദേശിയായ അപൂര്‍വയുടെ സഹോദരന്‍ അഭിഷേകിന്റെ മൃതദേഹമാണ് ഇനി ലഭിയ്ക്കാനുള്ളത്.












Click it and Unblock the Notifications