സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചന്ദ്രചൂഢന്‍
തിരുവനന്തപുരം: സംസ്ഥന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്‌പി ദേശീയ സെക്രട്ടറി ചന്ദ്രചൂഢന്‍. സംസ്ഥാനത്ത് എന്ത് നടക്കുന്നുവെന്ന് പോലും അറിയാത്ത സര്‍ക്കാരാണ് ഇവിടെ ഭരിയ്‌ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ക്കല കൊലപാതകത്തിന്റെയും തേക്കടി ബോട്ടപകടത്തിന്റെയും പശ്ചാത്തലത്തിലാണ് ചന്ദ്രചൂഢന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഡിഎച്ച്‌ആര്‍എമ്മിന്റെ പ്രവര്‍ത്തനം എന്തുകൊണ്ട് സര്‍ക്കാരിന് മനസ്സിലാക്കാനായില്ലെന്ന് അദ്ദേഹം ചോദിച്ചു. പ്രാണഭയത്താല്‍ പ്രഭാതസവാരിക്കിറങ്ങാന്‍ പോലും ജനങ്ങള്‍ മടിക്കുകയാണ്. ദളിത് ആദിവാസി സംഘടനകള്‍ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്നത് ഇടതുപക്ഷത്തിന്റെ വീഴ്‌ചകൊണ്ടാണെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി.
ബോട്ട് അപകടങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ എല്ലാം ഫ്രീസറിലാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇനിയെങ്കിലും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഗൗരവമായെടുത്തില്ലെങ്കില്‍ തേക്കടിയിലെ പോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മന്ത്രിസഭയിലെ ഏകപ്രതിനിധിയായ എന്‍കെ പ്രേമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ചന്ദ്രചൂഢന്റെ വിമര്‍ശനം.
ചന്ദ്രചൂഢന് ശേഷം പ്രസംഗിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എഎ അസീസ് സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ചു. വളരെയധികം വിഷമങ്ങളും പ്രയാസങ്ങളും അവഗണനകളും സഹിച്ചാണ് ആര്‍എസ്‌പി ഇടതുമുന്നണിയില്‍ തുടരുന്നതെന്നും സ്വാധീന മേഖലകളില്‍ നിന്ന് തങ്ങളെ തൂത്തെറിയാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അസീസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications