ഐസക്കിനെ സിപിഎം അനുകൂല സംഘടന ബഹിഷ്‌ക്കരിയ്‌ക്കും
തൃശൂര്‍: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ ബഹിഷ്‌കരിക്കാന്‍ സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു. തൃശൂരില്‍ ചേര്‍ന്ന സംഘടനയുടെ സംസ്ഥാന സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. ധനവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം.
വ്യപാര കേന്ദ്രങ്ങളില്‍ വില്‍പന നികുതി റെയ്‌ഡും തുടര്‍ന്ന് വില്‍പന നികുതി ഓഫീസുകളില്‍ വിജിലന്‍സ് റെയ്‌ഡും നടത്തിയ മന്ത്രിയുടെ നടപടി ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.വില്‍പന നികുതി ഉദ്യോഗസ്ഥര്‍ സമിതി അംഗങ്ങളായ വ്യാപാരികളെ മനപൂര്‍വ്വം ദ്രോഹിക്കുന്നുവെന്ന് സംഘടന ഭാരവാഹികള്‍ ആരോപിച്ചു. ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സംഘടനയുടെ നേതാക്കന്‍മാരിലൊരാളായ ബെന്നി ഇമ്മട്ടി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജനാണ് സംഘടനയുടെ രക്ഷാധികാരി. വില്‍പന നികുതി ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിജിലന്‍സും വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്‌ഡിനെതിരെ ജയരാജന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ അനുഭവിക്കേണ്ടി വരുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.
ഞായറാഴ്‌ച നടന്ന നിര്‍ണായക യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നമിഷം വിട്ടുനിന്നു. സിപിഎമ്മിന്റെ ഒരു പോഷകസംഘടന ആ പാര്‍ട്ടിയുടെ തന്നെ മന്ത്രിയെ ബഹിഷ്‌ക്കരിയ്‌ക്കുന്നത് ഇതിന് മുമ്പുണ്ടാകാത്ത ഒരു സംഭവമാണ്. പുതിയ സംഭവവികാസം വരുംനാളുകളില്‍ സിപിഎം നേതൃത്വത്തിന് തലവേദനായകുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications