വര്‍ക്കല കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളെന്ന് കരുതപ്പെടുന്ന് മൂന്ന് ഡിഎച്ച്‌ആര്‍എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
വര്‍ക്കല അയിരൂര്‍ അശ്വതിയില്‍ ശിവപ്രസാദി(64)നെ കൊലപ്പെടുത്തിയെന്ന് കരുതുന്ന വിളച്ചിക്കാല സുധീര്‍, കുണ്ടറ പെരുമ്പഴ സുഭാഷ്, അയിരൂര്‍ സുനില്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. പ്രതികളെ ഞായറാഴ്‌ച വര്‍ക്കല മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. മൂന്ന് പേരെയും തെന്‍മലയില്‍ നിന്നും അറസ്റ്റു ചെയ്‌തതാണെന്നും അതല്ല നേരത്തെ തന്നെ കസ്റ്റഡിയിലുണ്ടായിരുന്ന ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ഇപ്പോഴുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുധീര്‍, സുഭാഷ്, സുനില്‍ എന്നിവര്‍ ഒരു ബൈക്കിലെത്തി ശിവപ്രസാദിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേസില്‍ മൊത്തം ആറു പേരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികള്‍ക്ക് സഹായം ചെയ്‌ത് കൊടുത്തുവെന്ന് കരുതപ്പെടുന്ന നാലു പേരെ കൂടി പിടികൂടാനുണ്ട്.
രാവിലെ നടക്കാനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ തൃമ്പലൂര്‍ ക്ഷേത്രത്തിന് സമീപത്തുവച്ച് ഇവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിളച്ചികാല സുധീര്‍ ആണ് വെട്ടിയതെന്നും പറയുന്നു. ശിവപ്രസാദിനെ കൊലപ്പെടുത്തുന്നതിന് മുന്‍പായി ആക്രമികള്‍ ജനതാമുക്കില്‍ തട്ടുകട നടത്തുന്ന ഇടവ പുല്ലാനിയോട് വേങ്കവിള വീട്ടില്‍ അശോക(48)നെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചനകള്‍. അക്രമങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിയ്‌ക്കാനാണ് ഡിഎച്ച്‌ആര്‍എം ശ്രമിയ്‌ക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications